കാസർകോട്:ഓരോ വർഷവും എട്ടു കോടിയോളം തീർത്ഥാടകർ വരുന്ന ശബരിമലയെ കളങ്കപ്പെടുത്താൻ സി.പി.എമ്മിനെയും ബി.ജെ.പിയെയും അനുവദിക്കില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ, വർഗ്ഗീയത തുരത്താൻ എന്ന മുദ്രാവാക്യമുയർത്തി നവംബർ 9ന് കാസർഗോട്ട് നിന്നാരംഭിക്കുന്ന വാഹന പ്രചരണ ജാഥയുടെ ഭാഗമായുള്ള കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരവും ധാർഷ്ട്യവു മാണ് ശബരിമല വിഷയം ഇത്രയധികം വഷളാക്കിയത്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷാ സംസ്ഥാന സർക്കാരിനെ വലിച്ചിറക്കുമെന്ന് പറഞ്ഞത് യുദ്ധപ്രഖ്യാപനമാണ്. കേരളത്തിന്റെ ക്രമസമാധാനം സംരക്ഷിക്കാൻ കോൺഗ്രസ് ഏതറ്റംവരെയും പോകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. കെ.പി.സി.സി നേതാക്കളായ കെ. നീലകണ്ഠൻ, ജോർജ് മാളിയേക്കൽ, കെ.പി. കുഞ്ഞിക്കണ്ണൻ, കരിമ്പിൽ കൃഷ്ണൻ, പി.എ. അഷ്റഫലി, എ. ഗോവിന്ദൻ നായർ, പി.കെ. ഫൈസൽ, വിനോദ് കുമാർ പള്ളയിൽവീട് , വി.വി. സരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.