കാസർകോട്: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഉപ്പള സോങ്കാലിലെ അബൂബക്കർ സിദ്ദിഖി (21) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി. കാസർകോട് തീരദേശ പൊലീസ് സി.ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടന്ന് 86 ാം ദിവസം അന്വേഷണം പൂർത്തിയാക്കി കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) കുറ്റപത്രം നൽകിയത്.
ആർ.എസ്.എസ് പ്രവർത്തകരായ സോങ്കാൽ പ്രതാപ് നഗറിലെ കെ.പി അശ്വത് (36), ശാന്തിഗിരി ഐലയിൽ കാർത്തിക് (30) എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇവരുടെ ജാമ്യാപേക്ഷ മൂന്നാം തവണയും ഹൈക്കോടതി തള്ളിയതിനാൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
കഴിഞ്ഞ ആഗസ്ത് അഞ്ചിന് രാത്രിയിലാണ് അബൂബക്കർ സിദ്ദിഖിനെ കുത്തിക്കൊന്നത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ബന്ധുക്കൾ സർക്കാരിൽ അപേക്ഷ നൽകും. ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ കുമ്പള എസ്.ഐ ഗോപാലൻ, എ.എസ്.ഐ ജോൺ, സീനിയർ പൊലീസ് ഓഫീസർ പി. ശിവദാസൻ, സി.പി.ഒ ജിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.