കണ്ണൂർ: ചതുപ്പിൽ വീണ് അവശനായ വൃദ്ധനെ ഫയർഫോഴ്‌സ് എത്തി സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡിലെ ബ്രോഡ്ബീൻ ഹോട്ടലിന് പിറകിലെ ചതുപ്പിൽ ബ്ലാത്തൂരിൽ താമസിക്കുന്ന റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ അരവിന്ദാക്ഷ(81)നെ അവശനിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടവർ പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തുകയായിരുന്നു. ഫയർഫോഴ്‌സ് സംഘം ഒരുമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ചതുപ്പിലേക്ക് വഴിയില്ലാത്തതിനാൽ മുകളിൽ നിന്ന് മരത്തിൽ കയർകെട്ടി ഇറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എം. രാജേന്ദ്രനാഥ്, ലീഡിംഗ് ഫയർമാൻ വി.വി.വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ ധനേഷ്, മഹേഷ്, അഖിൽ, അരുൺരാജ്, സുനിൽകുമാർ പൂച്ചാലി, സൂരജ് മണ്ടേൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അരവിന്ദാക്ഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു