ഇരിട്ടി : ഇരിട്ടി ടൗണിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മമ്പേ കൈയേറിയ സർക്കാർ ഭൂമി തിരിച്ച് പിടിക്കുവാനുള്ള നടപടികൾ പരോഗമിക്കുന്നതിനിടെ തലശ്ശേരി സബ് കളക്ടർ കെ. .ചന്ദ്രശേഖർ സ്ഥലം സന്ദർശിച്ചു. കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചക്കും തയാറാവേണ്ടന്നും കർശനമായി മുന്നോട്ട് പോകണമെന്നും സബ് കളക്ടർ ഇരിട്ടി തഹസിൽദാർ ദിവാകരന് നിർദ്ദേശം നൽകി. ഇരിട്ടി പാലം മുതൽ പയഞ്ചേരി മുക്കുവരെയുള്ള കച്ചവട സ്ഥാപനങ്ങളിൽ റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തി മാർക്ക് ചെയ്ത ഭാഗങ്ങളും രേഖകളും മറ്റും പരിശോധിച്ചതിൽ നിന്നും കയ്യേറ്റം വ്യക്തമായതായി സബ് കളക്ടർ പറഞ്ഞു.
കെ .എസ് .ടി. പി റോഡ് വികസനത്തിന്റെ ഭാഗമായി ഇരിട്ടിയിൽ പുതിയ പാലം വരുന്നതോടെ ടൗണിലെ റോഡിന്റെ അലൈന്മെന്റിൽ കാര്യമായ മാറ്റം വരും. ഇതിന്റെ ഭാഗമായാണ് വർഷങ്ങൾക്കു മുൻപേ ടൗണിലെ വിവിധ കെട്ടിട ഉടമകളും സ്ഥാപനങ്ങളും മറ്റും കൈയേറിയ ഭൂമികൾ തിരിച്ചു പിടിക്കാനും അത് വഴി ടൗൺ വികസിപ്പിക്കാനുമുള്ള നിർദ്ദേശം ഉണ്ടായത്. വ്യാപാരി സംഘടനകളുടെയടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മറ്റും പ്രതിനിധികൾ ചേർന്ന് എടുത്ത തീരുമാനത്തെ ത്തുടർന്ന് കൈയേറ്റം അളന്നു തിട്ടപ്പെടുത്താൻ ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പും കെ .എസ്. ടി .പിയും ചേർന്ന് സംയുക്ത സർവേ നടത്താൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ ഇരിട്ടി പാലം മുതൽ പയഞ്ചേരി മുക്ക് വരെയുള്ള സ്ഥലങ്ങളിൽ നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും ഒരു മീറ്റർ മുതൽ രണ്ടര മീറ്റർ വരെ സ്ഥലം കയ്യേറിയതായി കണ്ടെത്തിയിരുന്നു. ഇവ പൊളിച്ചു നീക്കാൻ വ്യാപാരി സംഘടനകൾ സ്വമേധയാ സമ്മതിക്കുകയും ഇതിനായി സമയ പരിധി വെക്കുകയും ചെയ്തു.
എന്നാൽ ഏതാനും ചില സ്ഥാപങ്ങൾ മാത്രമാണ് സ്വമേധയാ നിർമ്മിതികൾ പൊളിച്ചു നീക്കിയത്. ഏതാനും സ്ഥാപനങ്ങൾക്ക് കോടതി ഇവർക്ക് ഏതാനും ദിവസത്തേക്ക് സ്റ്റേ നൽകുകയും ചെയ്തിരുന്നു.. നിയമപ്രകാരമുള്ള നടപടികൾ വകുപ്പധികൃതർ പൂർത്തിയാക്കിയില്ലെന്നതായിരുന്നു ഇവരുടെ ആക്ഷേപം.
നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തിയാക്കി കൈയേറ്റങ്ങൾ പൊളിച്ചുനീക്കാൻ കോടതി നിർദ്ദേശം നൽകിയതിനെത്തുടർന്ന് കർശന നടപടികളുമായി റവന്യൂ വകുപ്പ് മന്നോട്ടു വരികയായിരുന്നു ടൗണിലെ കെട്ടിടങ്ങൾക്ക് നികുതികളും സ്ഥാപനങ്ങൾക്ക് ലൈസൻസും നൽകുന്നതിൽ നിന്നും വില്ലേജ് അധികാരികളെയും നഗരസഭയെയും തഹസിദാർ വിലക്കി.കൈയേറ്റമല്ലെന്ന് കണ്ടെത്തിയതിന് ശേഷം മാത്രം ഇവ പുതുക്കി നൽകിയാൽ മതിയെന്നായിരുന്നു നിർദ്ദേശം.
ഇതെ തുടർന്ന് കൈയേറ്റം അളന്നു തിട്ടപ്പെടുത്തി പൊളിച്ചു മാറ്റാനുള്ള ഭാഗത്തിന്റെ സ്‌കച്ച് അടക്കം രേഖാമൂലം നോട്ടീസ് നൽകുന്ന നടപടികളാണ് ഇന്നലെ മുതൽ ആരംഭിച്ചത്. ഒരു മാസത്തിനുള്ളിൽ നടപടിയെല്ലാം പൂർത്തിയാക്കാനാണ് തീരുമാനം. തഹസീൽദാർക്ക് പുറമെ സർവയർ ജിൽസ്, സരേഷ്, ശിഹാബുദ്ദീൻ, വില്ലേജ് അസിസ്റ്റന്റ് മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സർവെ നടപടികൾ തുടങ്ങിയത് .
എൻ എസ് എസ് പതാകദിനം ആചരിച്ചു
ഇരിട്ടി : എൻ .എസ് .എസ് നൂറ്റിഅഞ്ചാമത് സ്ഥാപന ദിനത്തിന്റെ ഭാഗമായി കീഴൂർ ശാഖയുടെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. കീഴൂർ ശാഖാ പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. സിക്രട്ടറി കെ. രാജേന്ദ്രൻ പ്രതിജഞ ചൊല്ലിക്കൊടുത്തു. എ. ഉണ്ണികൃഷ്ണൻ, പി. വേണു, പത്മാക്ഷി രവീന്ദ്രൻ, ഗിരിജാ രതീശൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു മണിക്കൂർ നാമജപ പ്രാർത്ഥനാ യജഞവും നടന്നു.
തള്ളിപ്പറഞ്ഞവർ ഇന്ദിരയുടെ ആരാധകരായി: വത്സരാജ്
മാഹി :ഇന്ദിരാഗാന്ധിയെ അധിക്ഷേപിച്ച് കൊണ്ട് കോൺഗ്രസ്സിനെ പിളർത്തി പാർട്ടി വിട്ട് പുറത്തു പോയവർ പിന്നീട് ഇന്ദിരാജി യുടെ പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് ഇപ്പോഴത്തേതെന്ന് പുതുച്ചേരി മുൻ ആഭ്യന്തര മന്തി ഇ വത്സരാജ് പറഞ്ഞു. ലാളിത്യ ജീവതവും വിനയത്തോടെയുള്ള പെരുമാറ്റവുമാണ് ഇന്ദിരാജിയുടെ വിജയം. എല്ലാവരെയും ഒരുമിച്ചു നിർത്തുവാൻ കഴിവുള്ള ധീരവനിതയായിരുന്നു അവരെന്ന് ഇന്ദിരാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു വത്സരാജ് പറഞ്ഞു. കെ.പി.ബഷീർ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ.സജീന്ദ്രനാഥ്, സത്യൻ കേളോത്ത്, കെമോഹനൻ, പി.പി.അശാലത,പി. ശ്യാംജിത്ത്.,കെ. സുമിത്ത് തുടങ്ങിയവർ സംസാരിച്ചു.
വളർത്തുനായകളുടെ ദേഹത്ത് കെമിക്കൽ ഒഴിച്ച് വീടിന്റെ പൂട്ട് തകർത്തു
തളിപ്പറമ്പ്: ധർമ്മശാല കുഴിച്ചാലിൽ വളർത്തുനായകളുടെ ശരീരത്തിൽ ദേഹത്ത് കെമിക്കൽ ഒഴിക്കുകയും വീടിന്റെ പൂട്ട് തകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ കുറിച്ച് പൊലിസിന് സൂചന ലഭിച്ചു.മാങ്ങാട് സ്വദേശിയും ധർമ്മശാല കുഴി ചാലിൽ വാടക വീട്ടിൽ താമസിക്കുന്ന പച്ച ദീപയുടെ വീടിന്റെ പൂട്ടാണ് വളർത്തുനായകളെ കൂട് തകർത്ത് കെമിക്കൽ ഉപയോഗിച്ച് അക്രമിച്ച ശേഷം തകർത്തത്. കെമിക്കൽ ശരീരത്തിലേറ്റ നായകളിലൊന്ന് ചത്തിരുന്നു. രണ്ടാമത്തെ നായയുടെ രണ്ടുകണ്ണുകളും നഷ്ടപ്പെട്ടു.രാത്രി ബന്ധുവീട്ടിൽ ഉറങ്ങാൻ പോയ ദീപ രാവിലെ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കാണപ്പെട്ടത്.തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്‌ഐ: കെ.ദിനേശൻ സ്ഥലത്തെത്തി പരിശോധന നടത്തി.
ചത്ത നായയെ ധർമ്മശാല മൃഗാശുപത്രിയിൽ വെറ്ററിനറി സർജൻമാരായ ഡോ: പി.പ്രിയ, ഡോ.എസ്.വിഷ്ണു എന്നിവരുടെ നേത്യത്വത്തിൽ പോസ്റ്റമോർട്ടം നടത്തി. അതെ സമയം ഈ സംഭവത്തിൽ
ദീപയുടെ വാടക വീട്ടിന് സമീപത്തുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയെ സംശയിക്കുന്നുണ്ട്.മൃഗങ്ങളോടുള്ള ക്രൂരത അടക്കമുള്ള വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.
ഇന്ദിരാഗാന്ധി സർദാർ വല്ലഭായ് പട്ടേൽ അനുസ്മരണം
ന്യൂമാഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ന്യൂമാഹി മണ്ഡലം കമ്മറ്റി ന്യൂമാഹി ടൗണിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും ആഘോഷിച്ചു.ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.എൻ.കെ.പ്രേമൻ അധ്യക്ഷത വഹിച്ചു.
അഡ്വ.സി.ടി.സജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ആർ.റസാഖ്, അഡ്വ.പി.കെ.രവീന്ദ്രൻ, കെ.എം.പ്രഭാകരൻ, കവിയൂർ രാജേന്ദ്രൻ, സി.സത്യാനന്ദൻ, കെ.കെ.ഉദയൻ, ഷംസുദ്ദീൻ ചുങ്കം എന്നിവർ പ്രസംഗിച്ചു.സുധാകരൻ പരിമഠം, മനോജ് കുമാർ, രാജീവ് മയലക്കര, എം.കെ.പവിത്രൻ എന്നിവർ നേതൃത്വം നൽകി.