നീലേശ്വരം: നാലര പതിറ്റാണ്ടോളം നീലേശ്വരത്ത് തലയെടുപ്പോടെ നിന്ന ബസ് സ്റ്റാൻഡ് കോംപ്ളക്സ് ഇനി ഓർമ്മയിലേക്ക്. കെട്ടിടം പൊളിച്ച് നീക്കുന്ന പ്രവൃത്തി ഇന്നത്തോടെ പൂർത്തിയാവും. ആധുനിക സൗകര്യങ്ങളോടെ സ്റ്റാൻഡ് ഒരുക്കിയെടുക്കുന്നതിനായി പുതിയ കോംപ്ലക്സ് പണിയാനായാണ് കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി ഇതിന്റെ പ്രവൃത്തി നടക്കുകയായിരുന്നു. എൻ.കെ.കുട്ടൻ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കോഴിക്കോട് സ്വദേശി കെ.ടി.വേണുഗോപാലനായിരുന്നു കെട്ടിടത്തിന്റെ കരാറുകാരൻ. കക്കാട്ട് മഠത്തിൽ കോവിലകത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് ബസ് സ്റ്റാൻഡ് പണിതീർത്തത്. തിരുന്നത്. കക്കാട്ട് മഠത്തിലെ തറവാട്ടംഗങ്ങളുടെ കുട്ടികൾ മരിച്ചാൽ ജഡം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു അത് വരെയും കാട് മുടി കടന്ന ഈ പ്രദേശം. പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമഫലമായി രാജകുടുംബം ബസ് സ്റ്റാൻഡിനായി സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു.

പഴക്കം ചെന്നു ബസ് സ്റ്റാൻഡ് കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് പുതിയ കെട്ടിടം പണിയാൻ നഗരസഭ തീരുമാനിച്ചത്.