കൽപ്പറ്റ: ചെറുവയൽ രാമൻ പ്രസിദ്ധനാണ്. ജൈവകൃഷിയുടെ ഉറ്റ ചങ്ങാതിയാണ്. പരമ്പരാഗത നെൽവിത്തുകൾ നെഞ്ചോട് ചേർത്തുവച്ച് രാജ്യത്തും പുറത്തും ആവേശത്തോടെ സഞ്ചരിച്ച രാമൻ ഇപ്പോൾ അങ്ങ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. പ്രസിദ്ധനായിരിക്കുമ്പോഴും ദാരിദ്ര്യത്തിന്റെ മുൾമുനയിലൂടെയായിരുന്നു ജീവിതം. എങ്കിലും പരിഭവമില്ല. പക്ഷേ, ഇപ്പോൾ, ഒന്നുരിയാടാൻപോലും ഉറ്റവരായി ആരും അടുത്തില്ല.
ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വയലും വീടും എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ദുബായിൽ പോയത്. കഴിഞ്ഞ വ്യാഴാഴ്ച പരിപാടി നടക്കുന്ന സ്ഥലത്ത് നെൽവിത്തുകൾ തരം തിരിച്ചുകൊണ്ടിരിക്കുമ്പോൾ നെഞ്ചുവേദനയുണ്ടായി. ഉടനേ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടിയന്തരമായി ആൻജിയോപ്ളാസ്റ്റി ചെയ്തു. ഗുരുതരാവസ്ഥ തരണംചെയ്തുകൊണ്ടിരിക്കുകയാണ്.പ്രവാസികളുടെ സഹായംകൊണ്ടാണ് ഇതുവരെയുള്ള കാര്യങ്ങൾ നടന്നത്. ദുബായ് കോൺസുലേറ്റ് വഴി സഹായം ലഭ്യമാക്കാൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഏർപ്പാട് ചെയ്യുന്നുണ്ട്.
പക്ഷേ, അവിടെ ചെറുവയൽ രാമന്റെ കൂടെ ബന്ധുക്കളാരും തന്നെയില്ല. മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ പാസ്പോർട്ട് ഇല്ലാത്തതിനാൽ പെട്ടെന്ന് ചെല്ലാനും കഴിഞ്ഞില്ല. ഇന്നലെ ഒ.ആർ. കേളു എം.എൽ.എ ഇടപെട്ട് മകൻ രാജേഷിന് യുദ്ധകാലാടിസ്ഥാനത്തിൽ പാസ്പോർട്ട് ലഭ്യമാക്കാൻ നടപടികൾ ആരംഭിച്ചു. ഇന്ന് കാലത്ത് പാസ്പോർട്ട് വെരിഫിക്കേഷൻ നടക്കും. പാസ്പോർട്ട് ലഭിക്കുകയാണെങ്കിൽ മകൻ രാജേഷ് ഇന്ന് ദുബായിലേക്ക് പറക്കും.
വലിയ രാമന്റെ ചെറിയ ജീവിതം
അമ്പതോളം പരമ്പരാഗത നെൽവിത്തുകളാണ് രാമന്റെ പക്കലുള്ളത്. ആര് ചെന്ന് ചോദിച്ചാലും നൽകും. വാങ്ങിയ വിത്തുകൾ വിളവെടുത്തശേഷം തിരിച്ചുനൽകണമെന്നതാണ് വ്യവസ്ഥ. പക്ഷേ, പലരും അത് തിരിച്ചുകൊടുക്കാറില്ല. എങ്കിലും രാമന് പരാതിയില്ല. ചെറുവയൽ രാമനെ സെമിനാറിനും മറ്റും പലരും വിളിക്കും. ഉള്ള നെൽവിത്തുകളുമായി പുറപ്പെടും. എന്ന് തിരിച്ചു വരുമെന്ന് പറയാതെയാണ് യാത്ര. രണ്ട് മാസം മുമ്പ് ബ്രസീലിലേക്കും പോയി. തിരിച്ചെത്തിയ ഉടൻ കഴിഞ്ഞ ദിവസം ദുബായിലേക്കു പുറപ്പെട്ടു.
പരമ്പരാഗത നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജീവിതം മാറ്റിവച്ച ചെറുവയൽ രാമന് ഉള്ളത് മൂന്നരയേക്കറോളം സ്ഥലം. കുറിച്യ വിഭാഗത്തിൽപ്പെട്ടതായതുകൊണ്ട് കൂട്ട് കുടുംബ വ്യവസ്ഥയാണ്. വയനാട്ടിൽ ഇന്നും കച്ചിപ്പുരയിൽ താമസിക്കുന്നത് ഒരു പക്ഷേ, ചെറുവയൽ രാമൻ മാത്രമായിരിക്കും.നാല് വർഷമായി വീട് കെട്ടി മേഞ്ഞിട്ട്. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്, രജിത. രമേശൻ നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിലെ നൈറ്റ് വാച്ചറാണ്. രാജേഷ് ആട്ടോ ഡ്രൈവറും. ഇവർ അദ്ധ്വാനിച്ച് കൊണ്ടുവരുന്നത് കൊണ്ടാണ് വീട് കഴിയുന്നത്.