കോഴിക്കോട്: എം.ടിയുടെ പ്രസിദ്ധമായ 'രണ്ടാമൂഴം' നോവലിനെ അടിസ്ഥാനമാക്കി രചിച്ച തിരക്കഥയിൽ വി.എ. ശ്രീകുമാർ മേനോൻ സിനിമ സംവിധാനം ചെയ്യുന്നത് മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ കോഴിക്കോട് അഡിഷണൽ മുൻസിഫ് കോടതി തടഞ്ഞു. തിരക്കഥ ഉപയോഗിക്കുന്നത് തടയണമെന്നും തിരക്കഥ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസ് 25ന് വീണ്ടും പരിഗണിക്കും.
സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതിനാലാണ് പിന്മാറാൻ എം.ടി തീരുമാനിച്ചത്. സംവിധായകൻ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരികെ വേണമെന്നുമാണ് എം.ടിയുടെ വാദം. തിരക്കഥ കൈപ്പറ്റുമ്പോൾ വാങ്ങിയ മുൻകൂർ തുക തിരികെ നൽകാമെന്നും ഹർജിയിൽ പറയുന്നു.
വർഷങ്ങൾ ചെലവഴിച്ച് കഠിനാദ്ധ്വാനം ചെയ്താണ് താൻ തിരക്കഥ തയ്യറാക്കിയത്. എന്നാൽ ഇതിന്റെ കാൽഭാഗം പോലും ആത്മാർത്ഥത സിനിമയുടെ അണിയറ പ്രവർത്തകർ കാണിക്കുന്നില്ലെന്ന് എം.ടി പറയുന്നു. നാല് വർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ളീഷ് തിരക്കഥകൾ നൽകി. മൂന്ന് വർഷം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ ചിത്രീകരണം തുടങ്ങാൻ പോലും ശ്രീകുമാർ മേനോന് കഴിഞ്ഞില്ല.
ഇതിനിടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ചിത്രീകരണം താമസിയാതെ തുടങ്ങുകയാണെങ്കിൽ എം.ടി കേസിൽ നിന്ന് പിന്മാറുമെന്നും സൂചനയുണ്ട്.
'രണ്ടാമൂഴം സിനിമയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എം.ടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാത്തത് വീഴ്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണാനാണ് ആഗ്രഹം".
- ശ്രീകുമാർ മേനാൻ ഫേസ്ബുക്കിൽ കുറിച്ചത്