കോഴിക്കോട്: തുലാമാസ പൂജയ്ക്ക് ശബരിമല നട തുറക്കുമ്പോൾ അവിടെ എത്തുന്ന യുവതികളെ അക്രമിക്കുകയോ അസഭ്യം പറയുകയോ ചെയ്യില്ലെന്നും യുവതികൾ വരുന്ന വഴിയിൽ കിടന്ന് പ്രതിഷേധിക്കുന്ന തങ്ങളുടെ നെഞ്ചത്ത് ചവിട്ടിവേണമെങ്കിൽ അവർക്ക് ശബരിമലയിൽ കയറാമെന്നും രാഹുൽ ഈശ്വർ.

ഈ മാസം 17 മുതൽ 22 വരെ 'ശബരിമല പള്ളിക്കെട്ടു മുതൽ ജെല്ലിക്കെട്ടുവരെ" എന്ന ആശയമുയർത്തി ശബരിമലയിൽ നിരാഹാര സമരം നടത്തും. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. ഗാന്ധിയൻ മാർഗത്തിലായിരിക്കും നിരാഹാരസമരം. സ്ത് രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരേ പുന:പരിശോധനാ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇത് 22ന് പരിഗണിക്കുമെന്നാണ് കരുതുന്നത്.

ക്ഷേത്രത്തിലുള്ള ദേവതയുടെ അവകാശത്തെ വേണ്ടരീതിയിൽ കോടതി പരിഗണിച്ചിട്ടില്ലെന്നും വിശ്വാസികൾ ഉന്നയിച്ച അഞ്ച് വിഷയങ്ങൾ മൂന്ന് ജഡ്ജിമാർ പരിഗണിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹർജി സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

821 കോടിരൂപ ശബരിമലയിൽ നിന്നുമാത്രമായി വരുമാനം നേടിയ ദേവസ്വം ബോർഡ് റിവ്യൂപെറ്റീഷന് പോകാത്തത് ധാർഷ്ട്യമാണ്. സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനെ പോലും കേസ് ഏൽപ്പിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകാതിരുന്നതാണ് വിധി വിശ്വാസികൾക്ക് എതിരാക്കിയത്.

ക്ഷേത്രങ്ങളെ ആർത്തവത്തോടു ബന്ധിപ്പിച്ചതാണ് ഫെമിനിസ്റ്റുകൾക്ക് അവസരം ലഭിക്കാൻ കാരണം.ശബരിമലയിൽ സ്ത്രീവിവേചനമുണ്ടായിട്ടില്ല. കഴിഞ്ഞവർഷം നാലര ലക്ഷം സ്ത്രീകളാണ് അവിടെയെത്തിയത്. അമ്പലങ്ങളും പള്ളികളും പൊതുസ്ഥലങ്ങളല്ല. പൊതു ആരാധനയ്ക്കുവേണ്ടിയുള്ള വിശ്വാസികളുടെ സ്ഥലമാണ്. ശബരിമല പൊതുസ്ഥലമായി ബ്രാൻഡ് ചെയ്യാനാണ് ശ്രമിക്കുന്നത്. ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി എറിഞ്ഞുകൊടുക്കാനാവില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.