കൽപ്പറ്റ: പ്രളയാനന്തര അതിജീവനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങൾ വർദ്ധിപ്പിക്കും. ഓരോ വകുപ്പുകളും എന്തൊക്കെ പ്രവൃത്തി തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ചെയ്യാമെന്നു കണ്ടെത്തി ഒക്ടോബർ 15നകം റിപോർട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടർ എ ആർ അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെചേംബറിൽചേർന്നയോഗംനിർദേശിച്ചു. . പ്രളയത്തെ തുടർന്ന് 703 കർഷകരുടെ മൽസ്യക്കുളങ്ങൾ നശിച്ചു. ഇതു തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നവീകരിക്കും. വനത്തിലെ ചെക് ഡാമുകൾക്കും കയ്യാലകൾക്കും നാശംനേരിട്ടു. ഇതു നവീകരിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. വനമേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആദിവാസികളെ ഉപയോഗപ്പെടുത്തി പൂർത്തിയാക്കും. ആദിവാസി ഊരുകളിൽ തകർന്നറോഡുകളും വീടുകളും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി പുനർനിർമിക്കാം. 80കോടിയുടെ മുള്ളൻകൊല്ലി-പുൽപ്പള്ളി പാക്കേജ്, സ്‌കൂൾ ഗ്രൗണ്ട് നവീകരണം, ചുറ്റുമതിൽ നിർമാണം എന്നിവയിലും തൊഴിൽദിനങ്ങൾ കണ്ടെത്താനാവുമെന്നുയോഗം വിലയിരുത്തി. പ്രളയാനന്തരം വയലുകളിലും മറ്റും അടിഞ്ഞുകൂടിയ മണൽശേഖരിക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. ഈ മണൽ പഞ്ചായത്ത് സൂക്ഷിച്ച് പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കും.