നാദാപുരം: നാദാപുരം മേഖലയിൽ രണ്ടിടങ്ങളിൽ നിന്നായി അടുത്തിടെ മാരക പ്രഹര ശേഷിയുള്ള ഐ.ഇ.ഡി. (ഇംപ്രൊവൈ‌സ്‌ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നാദാപുരത്തെത്തി അന്വേഷണം തുടങ്ങി.

ബംഗളുരു ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുമ്പ് നടന്ന സ്ഫോടനങ്ങളിൽ ഉപയോഗിച്ച ബോംബുകൾ നാദാപുരത്ത് രണ്ടിങ്ങളിൽ നിന്ന് കണ്ടെത്തിയ ബോംബുകളുമായി സാമ്യമുണ്ടെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണങ്ങൾക്കായി എൻ.ഐ.എ. ഹൈദരാബാദ് യൂണിറ്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ നാദാപുരത്ത് എത്തിയത്.
ഈ വർഷം ഏപ്രിൽ 17 ന് നാദാപുരം കല്ലാച്ചി കോടതി റോഡിലെ ആർ.എസ്.എസ്. കാര്യാലയത്തിൻറെ മുറ്റത്തു നിന്നും ഏപ്രിൽ അഞ്ചിന് ആവോലം ടിപ്പുസുൽത്താൻ റോഡിലെ അയ്യപ്പ ക്ഷേത്രത്തിനു സമീപത്ത് റോഡിൽ നിന്നുമാണ് ഭീകരവാദ സംഘടനകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ഐ.ഇ.ഡി. ബോംബുകൾ കണ്ടെത്തിയത്.
നാദാപുരം പൊലീസ് കൺട്രോൾ റൂമിലെ അന്നത്തെ സി.ഐ.യായിരുന്ന വി.കെ.സന്തോഷ് ആണ് കേസ് അന്വേഷിച്ചത്. നിലവിൽ കൺട്രോൾ റൂമിലെ എ.വി.ജോണിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അനേഷണം നടത്തുന്നത്.

ഐ.ഇ.ഡി. ബോംബുകൾ കണ്ടെത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പിൻറെ ശ്രദ്ധയിൽ സംഭവം പെട്ടതായും സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥലത്ത് സന്ദർശനം നടത്തിയ ഉത്തര മേഖലാ ഐ.ജി. ബൽറാം കുമാർ ഉപാധ്യായ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എൻ.ഐ.എ. സംഘം നാദാപുരത്തെത്തി സംഭവ സ്ഥലങ്ങൾ സന്ദർശിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തത്.
ഒറിജിനൽ ഐ.ഇ.ഡി. ബോംബുകളെ വെല്ലുന്ന രണ്ടു ബോംബുകളാണ് നാദാപുരത്ത് കണ്ടെത്തിയത്. റീചാർജബിൾ ബാറ്ററി, സർക്യൂട്ട് ബോർഡ്, ടൈമർ, വെടിമരുന്ന്, തിരി, ഇലക്ട്രിക് വയറുകൾ എന്നിവ പി.വി.സി. പൈപ്പുകളുമായി ഘടിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.
വർഷങ്ങൾക്ക് മുമ്പ് നാദാപുരം മേഖലയിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി ഇത്തരം ബോംബിൻറെ വ്യാജ പതിപ്പുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് പൊലീസ് മുഖവിലക്കെടുത്തില്ലെന്നും കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനു പിന്നാലയാണ് ടൈമറോ റിമോട്ട് കൺട്രോളോ ഉപയോഗിച്ച് സ്ഫോടനം നടത്താവുന്ന വിധമുള്ള ഐ.ഇ.ഡി. ബോംബുകൾ കണ്ടെത്തിയത്.
2016 ജൂലായ് 12 നു കല്ലാച്ചി ജീപ്പ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇത്തരം ബോംബിൻറെ വ്യാജ പതിപ്പ് ആദ്യം കണ്ടെത്തിയത്. 2017 ഫെബ്രുവരിയിൽ വീണ്ടും കല്ലാച്ചിയിൽ നിന്ന് തന്നെ വ്യാജ പതിപ്പ് കണ്ടെത്തി. ഇതിനു പിന്നാലെ തൂണേരിയിൽ ബ്ലോക്ക് ഓഫിസ് പരിസരത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും വ്യാജ ബോംബ് കണ്ടെത്തി. മേഖലയിൽ ഇത്തരം ബോംബുകൾ നിർമ്മിക്കുന്നതിൽ പരിശീലനം ലഭിച്ചവർ ഉണ്ടെന്നാണ് സൂചന.