കോഴിക്കോട്: പുതിയാപ്പ ഹാർബറിൽ ബോട്ട് റിപ്പയറിംഗ് യാർഡ് നിർമ്മിക്കുന്നതിന് ഈ സാമ്പത്തിക വർഷം തന്നെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഹാർബർ എൻജിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തിലെ ഫിങ്കർ ജെട്ടി, ചുറ്റുമതിൽ, ലോക്കർ മുറികൾ, ഡ്രഡ്ജിംഗ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മത്സ്യഫെഡിന്റെ സഹായത്തോടെ ഹാർബറുകളിൽ നിന്ന് മത്സ്യം ലേലം ചെയ്ത് നേരിട്ട് മാർക്കറ്റിൽ എത്തിച്ച് ഗുണനിലവാരവും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്താനുമുള്ള നിയമനിർമ്മാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് കാബിനറ്റ് അംഗീകരിച്ച് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ഹാർബറുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ജില്ലാ കളക്ടർ ചെയർമാനായ മാനേജ്‌മെന്റ് കമ്മിറ്റിക്ക് രൂപം നൽകും. കമ്മിറ്റിക്ക് പ്രശ്‌നപരിഹാര നടപടികൾ സ്വീകരിക്കാനുള്ള പൂർണ്ണ അധികാരം നൽകും.

തെക്കെ പുലിമുട്ടിൽ നിന്ന് 100 മീറ്റർ നീളത്തിലും 8.45 മീറ്റർ വീതിയിലുമുള്ള രണ്ട് ജട്ടികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ജട്ടികളും തമ്മിൽ 100 മീറ്റർ അകലം ഉള്ളതിനാൽ ജട്ടികളുടെ ഇരുവശങ്ങളിലും യാനങ്ങൾ അടുപ്പിക്കുവാൻ സാധിക്കും. ഇതു കൂടാതെ ജട്ടിയിലേക്കുള്ള 200 മീറ്റർ ഇന്റർലോക്ക് റോഡ്, ജട്ടിയിലെ ശുദ്ധജല വിതരണം എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം പഴയ വാർഫിന് മുൻപിൽ ബോട്ടുകൾ കെട്ടുന്നതിനാവശ്യമായ ബെല്ലാർഡുകൾ നിർമ്മിക്കും.

ചുറ്റുമതിലിന്റെയും ലോക്കർ മുറികളുടെയും നിർമ്മാണത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 225 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 28 ലോക്കർ മുറികളും നിർമ്മിക്കുന്നുണ്ട്.ഹാർബർ ബേസിൻ ആഴം വർദ്ധിപ്പിക്കുന്നതിന് 220 ലക്ഷം രൂപയുടെ പദ്ധതിയാണ് അനുവദിച്ചിരിക്കുന്നത്. ഇതു പ്രകാരം 2.50 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് ചങ്ങാടത്തിൽ കയറ്റി 3 കിലോമീറ്റർ ദൂരത്തിനപ്പുറം പുറം കടലിൽ നിക്ഷേപിക്കും. 1,01,382 ഘനമീറ്റർ മണ്ണ് ബേസിനിൽ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്.

ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. രാഘവൻ എം.പി എന്നിവർ മുഖ്യാതിഥികളായിരുന്നു.ഹാർബർ എൻജിനീയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ എസ്. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

...............

98 കോടിയുടെ പ്രവർത്തി

ജില്ലയിലെ അഞ്ച് ഹാർബറുകളിലുമായി 98 കോടി രൂപയുടെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്. ഒരു കോടി രൂപ ചെലവിൽ ബേപ്പൂർ ഹാർബറിൽ പുതിയ ജട്ടി, 63 കോടി രൂപ ചെലവിൽ കൊയിലാണ്ടി ഹാർബർ വികസന പ്രവൃത്തി, വെള്ളയിൽ ഹാർബറിൽ പുളിമുട്ട് നീളം കൂട്ടാനായി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 15.3 കോടി രൂപയും ഓഫീസ് കെട്ടിടവും ചുറ്റുമതിലും സ്ഥാപിക്കുന്നതിന് 6.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചോമ്പാൽ ഹാർബറിൽ പുതിയ ജട്ടി നിർമ്മിക്കാനായി 4.08 കോടി രൂപയുടെ പദ്ധതിയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.