സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിലെ കുട്ടികൾ

കോഴിക്കോട്: മലബാർ ഫെസ്റ്റിന്റെ കാഴ്ചകളിൽ അലിയാനും പുതു കാര്യങ്ങൾ പഠിക്കാനുംമതിമറന്ന് കളിക്കാനും സ്വപ്നനഗരിയിലേക്ക് കുട്ടിക്കൂട്ടങ്ങളെത്തി. സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിലെ 210 കുട്ടികളാണ് കാഴ്ചയുടെ വസന്തം തേടിയെത്തിയത്. ഇവർക്ക് നേതൃത്വമേകി 21 അദ്ധ്യാപകരും കുടെയുണ്ടായിരുന്നു.

ഫെസ്റ്റിൽ ഒരുക്കിയ ചരിത്രങ്ങളും ഗിന്നസ് റെക്കോർഡിട്ട നാണയ പ്രദർശനവും കുട്ടികൾക്ക് ആസ്വാദ്യമായതോടൊപ്പം അറിവും പകർന്നു. കുട്ടികൾക്ക് ഏറെ കൗതുകം പകരുന്നതായിരുന്നു തൽസമയ കാരികേച്ചർ രചന.

മനുഷ്യ ശരീരത്തെക്കുറിച്ചും ജീവജാലങ്ങളേക്കുറിച്ചും കുട്ടികൾക്ക് ഏറെ അറിവു പകരുന്നതാണ് മെഡിക്കൽ കോളേജ് ഒരുക്കുന്ന മെഡിക്കൽ എക്സ്പോ.

9ഡി തീയറ്ററിൽ കയറിയ കുട്ടികൾ പാമ്പ് കാലിലേക്ക് കയറിയതായി തോന്നി ആർത്തു വിളിച്ചപ്പോൾ പിന്നീട് നിറമുള്ള കുമിളകൾ കൈകൊണ്ട് പൊട്ടിച്ച് ഉള്ളം നിറഞ്ഞ് സന്തോഷിച്ചു. കാഴ്ചകളെല്ലാം കണ്ട് കുട്ടികൾക്കായൊരുക്കിയ റൈഡുകളും ആസ്വദിച്ചാണ് അവർ മടങ്ങിയത്.

''കാഴ്ച വിരുന്ന് നൽകുന്നത്പോലെ തന്നെ കുട്ടികൾക്ക് അറിവും നൽകാൻ മലബാർ ഫെസ്റ്റിന് കഴിയുന്നുണ്ട്. കുട്ടികൾക്ക് പറഞ്ഞ് പഠിപ്പിക്കുന്നതിനേക്കാൾ അനായാസമായി അറിവുകൾ നൽകാൻ മെഡിക്കൽ എക്സ്പോ പോലുള്ള സ്റ്റാളുകൾക്ക് കഴിയും. നാണയ ശേഖരം ഏറെ മികവുറ്റതാണ്. ''

- പി.സി.മുജീബ് റഹ്മാൻ (അദ്ധ്യാപകൻ)