കോഴിക്കോട്: ബൈപ്പാസിൽ ബൈക്കപകടത്തിൽ മരണമടഞ്ഞ വിഷ്ണുവിന്റെ ഹൃദയം ഇനി മടവൂർ ചക്കാലക്കൽ സ്വദേശി ഫിനു ഷെറിന്റെ ശരീരത്തിൽ തുടിക്കും. ബുധനാഴ്ച രാത്രി പത്തരയോടെ ഉണ്ടായ അപകടത്തിൽ പെട്ട വിഷ്ണുവിനെ (23) ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.

സംഭവമറിഞ്ഞ് തളർന്നു വീണ അച്ഛൻ സുനിൽ മകന്റെ ഹൃദയം, വൃക്ക, കണ്ണ്, കരൾ എന്നിവ ദാനം ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഒരു വൃക്ക മെഡിക്കൽ കോളേജിലെ രോഗിക്കും മറ്റൊരു വൃക്കയും കരളും മിംസ് ആശുപത്രിയിലെ രോഗികൾക്കും കണ്ണുകൾ പി.വി.എസ് ആശുപത്രിയിലെ രോഗികൾക്കും ദാനം ചെയ്തു.

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് കോഴിക്കോട് മെട്രോ ഹൃദയാശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനാറുകാരിയായ ഫിനു ഷെറിനാണ് ഹൃദയം നൽകിയത്. കേരളത്തിൽ അവയവദാനത്തിന് സങ്കീർണത ഏറിയതോടെ ചികിത്സാ കമ്മറ്റി ഫിനുവിനെ ബംഗളുരു നാരായണ ഹൃദയാലയത്തിലേക്ക് മാറ്റിയിരുന്നു. അവിടെയും നാല് മാസത്തോളം കാത്തിരുന്നെങ്കിലു അനുയോജ്യമായ ഹൃദയം ലഭിച്ചില്ല. അതിനിടയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി മസ്തിഷ്ക മരണം സംഭവിച്ച വിഷ്ണുവിന്റെ ഹൃദയം ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചത്. അപ്പോൾ ബംഗളുരുവിലുള്ള ഫിനു ഷെറിനെ എങ്ങനെ കോഴിക്കോട് എത്തിക്കുമെന്നതായി പ്രതിസന്ധി. ഹെലികോപ്റ്റർ അന്വേഷിച്ചെങ്കിലും ലഭ്യമായില്ല. പിന്നീട് ബാംഗ്ലൂർ കെ.എം.സി.സി യുടെ ആംബുലൻസിൽ കൊണ്ടുവരാൻ തീരുമാനിച്ചു. ആംബുലൻസ് പുറപ്പെടുമ്പോൾ സമയം പുലർച്ചെ 1.55. ഫിനു ഷെറിനുമായി ഡ്രൈവർ ഹനീഫ കോഴിക്കോട് ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു. ഇടയ്ക്ക് ഗുണ്ടൽപേട്ടിലെ ചെക്ക് പോസ്റ്റിൽ ചെറിയ തടസം കാരണം അര മണിക്കൂർ നഷ്ടപ്പെട്ടു. അതിർത്തി കടന്നതോടെ കോഴിക്കോട് മെട്രോ ആശുപത്രി വരെ കേരളാ പൊലീസ് ജാഗരൂകരായി. ചികിത്സാ കമ്മറ്റി ചെയർമാനും ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റുമായ സലീം മടവൂർ വഴിനീളെ പൊലീസുമായി ബന്ധപ്പെട്ട് ഏകോപനം നടത്തി.

മെട്രോ ആശുപത്രിയിലെ ട്രാൻസ്‌പ്ലാന്റേഷൻ മേധാവി ഡോ നന്ദകുമാറിനും ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഒരു മണിയോടെ വിഷുവിന്റെ ഹൃദയവും വഹിച്ചുള്ള വാഹനം മെട്രോ ഹാർട്ട് സെന്ററിലെത്തി. മാനേജിങ് ഡയരക്ടർ ഡോക്ടർ മുസ്തഫയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

(രണ്ട് ഫോട്ടോയും cltdesk ൽ)