കോഴിക്കോട്: ആറ് കിലോയിലധികം കഞ്ചാവുമായി രണ്ടുപേരെ കുന്ദമംഗലം പൊലീസും കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) അറസ്റ്റ് ചെയ്തു. നരിക്കുനി എരവന്നൂർ സ്വദേശി തുവ്വാട്ടു വീട്ടിൽ മുഹമ്മദ് റബി (21), നരിക്കുനി പുന്നശ്ശേരി സ്വദേശി കായലാട്ടുമ്മൽ മുഹമ്മദ് ആഷിക് (20) എന്നിവരെയാണ് കുന്ദമംഗലം ചൂലാംവയൽ ബസ് സ്റ്റോപ്പിന് സമീപത്തു വച്ച് അറസ്റ്റ് ചെയ്തത്.
നരിക്കുനി, പാറന്നൂർ, ചേളന്നൂർ, കാരക്കുന്നത്ത്, തടമ്പാട്ടുതാഴം തുടങ്ങിയ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായവർ. തമിഴ്നാട്,ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് ഇവിടെ എത്തിച്ച് 500 രൂപയുടെ ചെറു പാക്കറ്റുകളാക്കി വില്പന നടത്തുകയാണ് ഇവരുടെ രീതി. ഗോവ,ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്നതിനും, ഇത്തരം പാർട്ടികളിൽ ദീർഘനേരം സ്വയംമറന്ന് ആടാനും പാടാനും ഊർജ്ജം നൽകുന്ന പുത്തൻതലമുറ മയക്കുമരുന്നുകൾ ആയ എൽ.എസ്.ഡി, എം.ഡി.എം.എ എക്റ്റസി, ഹാഷിഷ് , കൊക്കെയിൻ തുടങ്ങിയവ ഉപയോഗിക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും ആവശ്യമായ പണം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തുന്നത്.
മുഹമ്മദ് റബിയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് നാട്ടിൽ എത്തിക്കുന്നത്. പിന്നീട് രഹസ്യ സങ്കേതത്തിൽ വെച്ച് ചെറു പാക്കറ്റുകൾ ആക്കിയ ശേഷം കൂട്ടാളിയായ മുഹമ്മദ് ആഷിക്കും സുഹൃത്തുക്കളായ മറ്റു ചിലരും ചേർന്നാണ് യുവാക്കളേയും വിദ്യാർത്ഥികളേയും കണ്ടെത്തി കഞ്ചാവ് വിൽക്കുന്നത്.
സമീപകാലത്ത് കോഴിക്കോട് ജില്ലയിൽ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് കൂടുതൽ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണന്ന് ഡൻസാഫിന്റെ ചുമതലയുള്ള സൗത്ത് അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വിരാജ് അറിയിച്ചു.
കുന്ദമംഗലം എസ്.ഐ എസ് ബി. കൈലാസ് നാഥിന്റെ നേതൃത്വത്തിൽ എ.എസ്.ഐ വേണുഗോപാൽ ഡ്രൈവർ സി.പി.ഒ സുബീഷ് ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ അബ്ദുൾ മുനീർ , രാജീവൻ.കെ, മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോൻ.കെ.എ, നവീൻ. എൻ, പ്രപിൻ.കെ, ജിനേഷ് ചൂലൂർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
...........
ഈ മാസം ഇതുവരെ 23 കിലോ കഞ്ചാവും നിരോധിത ന്യൂജൻ ലഹരിമരുന്നുകളായ എം.ഡി.എം.എ എക്സ്റ്റസി പിൽസ് 50 എണ്ണം, സ്റ്റാമ്പ് രൂപത്തിലുള്ള എൽ എസ് ഡി 25 എണ് , ഹാഷിഷ് 50 ഗ്രാം എന്നിവയും കോഴിക്കോട് പിടികൂടിയിട്ടുണ്ട്.