കോഴിക്കോട്: 'സീറോ വെയ്‌സ്റ്റ് കോഴിക്കോട് ' പദ്ധതി ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ 'സേവ്' രംഗത്ത്. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അന്തിമരൂപം നൽകിയത്.ജില്ലയിലെ വിദ്യാലയങ്ങളിൽ ഒരു ക്ലാസ്സിന് ഒന്ന് എന്ന തോതിൽ വിദ്യാർത്ഥികളെ ഹരിത അംബാസിഡർമാരാക്കി മാറ്റും. പത്തു മുതൽ 16 വയസ്സുവരെയുള്ള വിദ്യാർത്ഥികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഹൈസ്കൂൾ, യു.പി സ്കൂളുകളിൽ നിന്നും ഓരോ അദ്ധ്യാപകർക്ക് പരിശീലനം നൽകും. വിദ്യാഭ്യാസ ജില്ലാതലത്തിലാകും പരിശീലനം. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടേത് 17ന് മാനാഞ്ചിറ മോഡൽ ഹൈസ്കൂളിലും വടകരയിലേക്ക് 23ന് ഡയറ്റിലും താമരശ്ശേരിയിലേക്ക് 25ന് ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരിയിലുമാണ് അദ്ധ്യാപക ശില്പശാല . യോഗത്തിൽ പ്രൊഫ. ശോഭീന്ദ്രൻ, സേവ് ജില്ലാ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, കെ. കുഞ്ഞിരാമൻ, അബ്ദുള്ള സൽമാൻ, യു.പി.ഏകനാഥൻ, വി.ഷീജ, ഇ.പി. രത്നാകരൻ, ഷൗക്കത്തലി എരോത്ത്, സി.പി.കോയ, ഇ.എം.രാജൻ എന്നിവർ സംസാരിച്ചു.