കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ഭക്ഷണ സാധനങ്ങൾക്ക് വില കുത്തനെ ഉയ‌ർത്തി. ചായക്കും കാപ്പിക്കും വില കൂട്ടിയതിനു പുറമേ പലഹാരത്തിനും വിലകൂട്ടി. ചായ, കാപ്പി തുടങ്ങിയവയുടെ വില ഐ.ആർ.സി.ടി.സി മുൻപ് പുനർനിർണയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റെയിൽവേ സ്റ്റേഷനുകളിലെ ടീ സ്റ്റാളുകളും ചായ വിൽപ്പനക്കാരും പലഹാരങ്ങളുടെ വില കൂട്ടിയത്.

ചായക്ക് ഏഴു രൂപയിൽനിന്ന് പത്ത് രൂപയാക്കിയാണ് വർദ്ധന വരുത്തിയത്. 150 മില്ലി ചായ ടീബാഗോടുകൂടി നൽകണമെന്നാണ് വിലകൂട്ടിയപ്പോൾ അധികൃതർ നിർദേശിച്ചിരുന്നത്. എന്നാൽ സ്റ്റേഷനിൽ ഇത് പാലിക്കപ്പെടുന്നില്ല. നൽകുന്ന ചായയുടെ അളവിലും ഗുണത്തിലും കുറവുള്ളതായും പരാതിയുയർന്നു.
ചായക്കൊപ്പം വിൽക്കുന്ന സമൂസ, വട, പഴംപൊരി തുടങ്ങിയവക്കെല്ലാം മിനിമം പത്തു രൂപയായിക്കഴിഞ്ഞു. സ്റ്റാളുകളിൽ മറ്റു ചില പലഹാരങ്ങൾക്കും വില വർധിച്ചിട്ടുണ്ട്.
ചായയുടെയും പലഹാരത്തിന്റെയും വില വർധിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഐ.ആർ.സി.ടി.സി റെയിൽവേ ബോർഡിന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇക്കഴിഞ്ഞ സെപ്തബർ 18നാണ് ചായ, കാപ്പി എന്നിവ വില കൂട്ടി സർക്കുലർ ഇറക്കിയത്. നിലവിൽ 350 ട്രെയിനുകളിലാണ് ഐ.ആർ.സി.ടി.സിയുടെ പാൻട്രി കാറുള്ളത്. റെയിൽവേ യാത്രക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ ഭക്ഷ്യ വസ്തുക്കൾക്ക് അഞ്ചു രൂപയുടെ ഗുണിതങ്ങളായി വില നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. ഇതോടെയാണ് ചായക്കും കാപ്പിക്കും പത്തു രൂപയാക്കിയത്.

 

വില കൂട്ടിയതല്ലാതെ സാധനങ്ങളുടെ ഗുണനിലവാരത്തിൽ മെച്ചം ഉണ്ടായിട്ടില്ല. മിക്ക ദിവസങ്ങളിലും പഴകിയ ഭക്ഷണങ്ങളാണ് ലഭിക്കുന്നത്

സുരേഷ് ബാബു

യാത്രക്കാരൻ