കോഴിക്കോട് : കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ശാസ്ത്രപഠനം മികവുറ്റതാക്കാൻ എസ്.എസ്.എ ശാസ്ത്രപാർക്കുകൾ ഒരുക്കുന്നു. 5, 6, 7 ക്ലാസുകളിലെ സയൻസ് സിലബസിൽ കുട്ടികൾക്ക് ആശയഗ്രഹണം പ്രയാസമായ ഭാഗങ്ങളെ ലളിതമാക്കാനാണ് പദ്ധതി.
ജില്ലയിലെ കക്കോടി ഗ്രാമപഞ്ചായത്തിലെ നാല് യു.പി സ്കൂളുകളിലാണ് ഇന്നും നാളെയുമായി ശാസ്ത്രപാർക്ക് തയ്യാറാവുന്നത്. ഇന്ന് മൂന്നുമണിക്ക് മേഖലാ ശാസ്ത്രകേന്ദ്രം (പ്ലാനറ്റേറിയം) പൊതുജനങ്ങളെക്കൂടി ലക്ഷ്യമിട്ട് ലിക്വിഡ് നൈട്രജൻ ഷോയും സംഘടിപ്പിക്കും.. 75 ഉപകരണങ്ങൾ നിർമ്മിച്ച് സ്കൂളുകൾക്ക് നൽകും. വിതരണ ഉദ്ഘാടനം എ കെ ശശീന്ദ്രൻ നാളെ വൈകുന്നേരം 3 മണിക്ക് നിർവ്വഹിക്കും. പരിപാടിയുടെ വിജയത്തിനായി കക്കോടി ഗ്രാമപഞ്ചായത്തിന്റെയും പടിഞ്ഞാറ്റും മുറി ജി യു.പി സ്കൂൾ പി.ടി .എ യുടെയും സഹകരണത്തോടെ സ്വാഗതസംഘം രൂപീകരിച്ചു