സുൽത്താൻബത്തേരി:ബന്ദിപ്പൂർ വനത്തിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ്സിൽ വിദഗ്ദ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിൽ 4 ആഴ്ചക്കകം അഭിപ്രായമറിയിക്കണമെന്ന് കേരള, കർണ്ണാടക സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. കേസിൽ താൽക്കാലികാശ്വാസം ആവശ്യപ്പെട്ട് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റി ഫയൽ ചെയ്ത അടിയന്തിര ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. പ്രശ്‌നപരിഹാരം സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയുടെ അദ്ധ്യക്ഷനും കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയ സെക്രട്ടറിയുമായ വൈ.എസ്.മാലിക്ക് കഴിഞ്ഞയാഴ്ച സുപ്രീംകോടതിയിൽ അന്തിമറിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സുപ്രീംകോടതി വെള്ളിയാഴ്ച കേസ്സ് പരിഗണനക്ക് വെച്ചത്. എന്നാൽ കേരള, കർണ്ണാടക സർക്കാരുകൾ റിപ്പോർട്ട് സംബന്ധിച്ച് അഭിപ്രായം നൽകാത്തതിനെത്തുടർന്ന് കേസ്സ് മാറ്റിവെക്കേണ്ടിവരികയായിരുന്നു.
രാത്രിയാത്രാനിരോധനത്തിന് കർണ്ണാടക ഹൈക്കോടതി നിർദ്ദേശിച്ച ബദൽപാത പരിഹാരമല്ലെന്ന് റിപ്പോർട്ടിലുണ്ട്. 44 കി.മി ദൂരം കൂടുതലുള്ളതും ദുർഘട മേഖലയിലൂടെ കടന്നുപോകുന്നതുമായ പാത ദേശീയപാതക്ക് ബദലാവുകയില്ല. ഈ പാതയിലൂടെയുള്ള യാത്രയിൽ ഇന്ധനനഷ്ടവും സമയനഷ്ടവും കൂടുതലാണ്. നിലവിലുള്ള ദേശീയപാതയിൽത്തന്നെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി 24 മണിക്കൂറും ഗതാഗതം സാധ്യമാക്കുകയാണ് അഭികാമ്യമെന്ന് റിപ്പോർട്ട് പറയുന്നു. ഇതിനായി ദേശീയപാതയിൽ കർണ്ണാടക ഭാഗത്ത് നാലും വയനാട്ടിൽ ഒന്നുമടക്കം ഒരു കിലോമീറ്റർ വീതം ദൈർഘ്യമുള്ള അഞ്ച് മേൽപ്പാലങ്ങൾ നിർമ്മിക്കണം. ബാക്കിയുള്ള സ്ഥലങ്ങളിൽ ആവശ്യാനുസരണം പൈപ്പ് ടണലുകളും ചെറിയ ജീവികൾക്ക് റോഡ് മുറിച്ചു കടക്കാനാവശ്യമായ സംവിധാനങ്ങളുമൊരുക്കണം. മേൽപ്പാലങ്ങളൊഴിച്ച് റോഡിന് ഇരുഭാഗവും എട്ടടി ഉയരത്തിൽ വേലി കെട്ടി മൃഗങ്ങൾ റോഡിലേക്ക് ഇറങ്ങി അപകടമുണ്ടാക്കുന്നത് തടയണം. റോഡിന് ഇരുവശവും ജൈവവേലികൂടി നിർമ്മിച്ച് ശബ്ദവും വെളിച്ചവും വനത്തിലേക്ക് എത്തുന്നതിന് കുറവുണ്ടാക്കുകയും ചെയ്യാം. 458 കോടി രൂപയാണ് ഈ പദ്ധതികൾക്കായുള്ള ചെലവു കണക്കാക്കിയിട്ടുള്ളത്. ഇതിൽ പകുതി തുക കേന്ദ്രസർക്കാർ വഹിക്കും. ബാക്കി പകുതി തുക കേരള സർക്കാർ നൽകണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. തമിഴ്‌നാട് സർക്കാർ ഊട്ടി-മൈസൂർ പാതയിലെ രാത്രിയാത്രാനിരോധനം പിൻവലിക്കേണ്ടതില്ലെന്ന് അറിയിച്ചതിനാൽ അവിടെ നിരോധനം തുടരാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈ.എസ്.മാലിക്ക് കമ്മറ്റി റിപ്പോർട്ട് കേരള സർക്കാർ അംഗീകരിക്കണമെന്നും ദേശീയപാതയിലെ രാത്രിയാത്രാനിരോധനം പിൻവലിക്കാൻ കേന്ദ്രസർക്കാരുമായി സഹകരിക്കണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാൽ, പി.വൈ.മത്തായി, ഫാ:ടോണി കോഴിമണ്ണിൽ, വി.മോഹനൻ, എം.എ.അസൈനാർ, സി.അബ്ദുൾ റസാഖ്, മോഹൻ നവരംഗ്, ജോസ് കപ്യാർമല, ജേക്കബ് ബത്തേരി, നാസർ കാസിം, സംഷാദ്, അനിൽ, ഡോ:തോമസ് മോഡിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.