കോഴിക്കോട്: ജോയിൻറ് ആര്‍.ടി.ഒ ഓഫീസുകള്‍ ഇല്ലാത്ത എല്ലാ താലൂക്കുകളിലും ജോയിൻറ് ആര്‍.ടി.ഒ ഓഫീസ് സ്ഥാപിക്കുക എന്നതാണ് സര്‍ക്കാരിൻറെ ലക്ഷ്യമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കൊയിലാണ്ടി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് പുതിയതായി അനുവദിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മോട്ടോര്‍ വാഹനവകുപ്പിൻറെ പ്രവര്‍ത്തനങ്ങള്‍ റോഡ് സുരക്ഷയുമായും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്നതിൻറെ ഭാഗമായി ഇന്ത്യയിലാദ്യമായി സേഫ് കേരള പദ്ധതിക്ക് സംസ്ഥാനമാണ് രൂപം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെൻറ് സ്‌ക്വാഡുകളെ ജില്ലാ കേന്ദ്രത്തിലെയും സംസ്ഥാന തലത്തെയും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തിയും വേഗത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ഇതിൻറെ ആദ്യ ബാച്ചിനുള്ള ട്രെയിനിംഗ് കഴിഞ്ഞ അഞ്ചാം തീയതി പൂര്‍ത്തിയാക്കുകയും രണ്ടാം ബാച്ചിൻറെ ട്രെയിനിംഗ് ആരംഭിക്കുകയും ചെയ്തു. കൊയിലാണ്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.