കുറ്റ്യാടി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേരളത്തിലെ ഇടതുമുന്നണി സർക്കാറിനെ ദുർബലപ്പെടുത്താനുള്ള കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നീക്കം ആപത്കരമാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രബുദ്ധ കേരളം ജാഗ്രത പുലർത്തണം. വിമോചന സമരത്തിന്റെ തനിയാവർത്തനം കേരളത്തിൽ വിജയിക്കില്ല. മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് വേളം പെരുവയലിൽ നൽകിയ സ്വീകരണംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.വി.കെ സുരേഷ്‌ബാബു, ജാഥാ ലീഡർ കെ.കെ കുമാരൻ മാസ്റ്റർ, ഉപ ലീഡർ കോറോത്ത് ശ്രീധരൻ, ഡയറക്ടർ കെ.പി പവിത്രൻ, സി.വി കുഞ്ഞി രാമൻ, റീന സുരേഷ്, ചന്ദ്രൻ പുതുക്കുടി, ഒ.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എം രാജീവൻ സ്വാഗതം പറഞ്ഞു.