ork
ഗ്രീൻ പിഗ്ഗ്‌സ് ആന്റ് എഗ്ഗ്‌സ് ഫെസ്റ്റ് സമാപനസമ്മേളനം ഒ. ആർ. കേളു എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി:സംസ്ഥാനത്ത് പന്നി കൃഷിയുടെ വ്യാപനത്തിനും കോഴി വളർത്തലിനും മുട്ട ഉല്പാദനത്തിനും ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കർഷകരുടെയും കൂട്ടായ ശ്രമം വേണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് ഓഡിറ്റോറിയത്തിൽ നടന്ന ത്രിദിന ശില്പശാല ആവശ്യപ്പെട്ടു. മാലിന്യ നിർമ്മാർജ്ജനത്തിലും സംസ്‌കരണത്തിലും പ്രധാന പങ്ക് വഹിക്കുന്ന വിഭാഗമെന്ന നിലയിൽ ഈ മേഖലയിലുള്ളവർക്ക് പൊതുജനത്തിന്റെ പിന്തുണ ആവശ്യമാണന്നും ശില്പശാലയിൽ അഭിപ്രായമുയർന്നു. മൂന്ന് ദിവസമായി നടന്ന ഗ്രീൻ പിഗ്ഗ്സ് ആൻഡ് എഗ്ഗ്സ് ഫെസ്റ്റും ഇന്നലെ സമാപിച്ചു.കേരളത്തിലാദ്യമായാണ് പന്നി, കോഴി കർഷകർക്ക് വേണ്ടി ഒരു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സമാപനസമ്മേളനം ഒ. ആർ. കേളു എം.എൽ. എ ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖല പോലെ ഇനി കേരളത്തിൽ വളർന്നു വരുന്നത് പന്നി കൃഷി മേഖലയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മാനന്തവാടി നഗര സഭാ ചെയർപേഴ്‌സൺ വി.ആർ. പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി. ബിജു, കൗൺസിലർമാരായ ശാരദാ സജീവൻ, ഉണ്ണികൃഷ്ണൻ, പി.വി.ജോർജ്, മൃഗസംരക്ഷണ വകുപ്പ് മുൻ ഡയറക്ടർ എൻ.എൻ. ശശി, വയനാട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ.രേണുക, വയനാട് സ്വയ്ൻ ഫാർമേഴ്‌സ് വെൽഫെയർ സൊസൈറ്റി ചെയർമാൻ രവി, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.പോൾ കൂട്ടാല, പ്രോഗ്രാം ഓഫീസർ പി.എ.ജോസ്, ഡോ.അനിൽ സക്കറിയ എന്നിവർ പ്രസംഗിച്ചു. പ്രളയത്തിൽ പന്നികളും കോഴികളും നഷ്ടപ്പെട്ട കർഷകർക്കുള്ള ധനസഹായ വിതരണവും മികച്ച കർഷകർക്കും ഉദ്യോഗസ്ഥർക്കുമുള്ള പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കി വരുന്ന മണിക്കുട്ടി പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ക്ഷീര കർഷകനായ നെന്മേനിയിലെ പുത്തൻപുരക്കൽ പി.പി.സണ്ണി, ഏറ്റവും നല്ല എക്സ്റ്റൻഷൻ ഓഫീസറായ മേപ്പാടി എ.എഫ്.ഒ.സലീൽ എന്നിവർക്ക് ചടങ്ങിൽ എം.എൽ.എ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മൂന്ന് ദിവസത്തെ മേള ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്തിയതിന് നഗര സഭയുടെ ഉപഹാരം ചെയർപേഴ്‌സൺ വി.ആർ.പ്രവീജ് ഡബ്ല്യു.എസ്. എസ്. എസ്. ഡയറക്ടർ ഫാ.പോൾ കൂട്ടാലയ്ക്ക് സമ്മർപ്പിച്ചു.