കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശീയരായ തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഉറപ്പാക്കുമെന്ന് തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
സർക്കാർ നടപ്പാക്കിയ ആവാസ് ഇൻഷുറൻസ് പദ്ധതി ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് താമസ സൗകര്യത്തിനായുള്ള അപ്നാഘർ പദ്ധതി, പാലക്കാട്ടെ കഞ്ചിക്കോട്ട് നടപ്പാക്കിയിട്ടുണ്ട്. ഇത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനിം. സംസ്ഥാന സാക്ഷര മിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്‌റ്റേഷനിലെ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന സമഗ്ര, നവചേതന, ചങ്ങാതി ,അക്ഷരസാഗരം, പ്രത്യേക സാക്ഷരതാ പദ്ധതി തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന ഇൻസ്ട്രക്ടർമാരുടെ പരിശീലന പരിപാടിയിൽ സംസ്ഥാനത്തെ ഏഴു ജില്ലകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. തൃശൂർ, മലപ്പുറം, കാസർകോട്, വയനാട്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ നിന്നുള്ള അംഗങ്ങൾക്കാണ് സാക്ഷര മിഷൻ പരിശീലനം നൽകുന്നത്.
സംസ്ഥാന സാക്ഷര മിഷൻ അതോറിറ്റി സ്‌റ്റേറ്റ് ഡയറക്ടർ ഡോ പി.എസ്.ശ്രീകല അദ്ധ്യക്ഷയായി.കോ ഓർഡിനേറ്റർമാരായ സി.യു.അനിൽ, പി.രാധാകൃഷ്ണൻ, ആർ.രമേഷ് കുമാർ, വി. ശ്യംലാൽ, പി.വി.പാർവ്വതി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സാക്ഷരത മിഷൻ കോ ഓർഡിനേറ്റർ സി.അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.