കോഴിക്കോട്: കേരളത്തിൽ നാളികേരത്തിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, കൃഷി എട്ട് ലക്ഷം ഹെക്ടറിൽ നിന്ന് 10 ലക്ഷം ഹെക്ടറാക്കി മാറ്റുക എന്ന ലക്ഷ്യവുമായി വിപുലമായ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് വരുന്നതെന്ന് കൃഷി വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കൃഷിമന്ത്രി ചെയർമാനായ കോക്കനട്ട് മിഷൻ പദ്ധതി പ്രകാരം നാളികേര ഉത്പാദനം മാത്രമല്ല അതിന്റെ മൂല്യവർധിത സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ വേണ്ടിയുള്ള കർമ്മപരിപാടികളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പ് പദ്ധതിയുടെ 40 ശതമാനം ഫണ്ട് കൃഷി മേഖലയിൽ വിനിയോഗിക്കാം. കർഷകരെ ഉൾപ്പെടുത്തി ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്മിറ്റി രൂപീകരിച്ച് കൃഷി മേഖലയിലെ കർമ്മ പരിപാടികൾ ഏകോപിപ്പിക്കാനും മന്ത്രി നിർദ്ദേശം നൽകി.
അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.എൻ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.പെരുമണ്ണ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭനകുമാരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുമ്മങ്ങൽ അഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാകുമാരി കരിയാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ സി. ഉഷ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രാജീവ് പെരുമൺപുറ, ആമിനാബി , ആസൂത്രണ സമിതി വൈസ് ചെയർമാൻ ഷാജി പുത്തലത്ത്, കാർഷിക വികസന സമിതി മെമ്പർ ശ്രീനിവാസൻ കരിയാട്ട്, കേരഗ്രാമം കൺവീനർ എം. കൃഷ്ണൻകുട്ടി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാദിഖ് മഹ്ദൂം തുടങ്ങിയവർ സംസാരിച്ചു.പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത സ്വാഗതവും കൃഷി ഓഫീസർ അനിതാ ഭായ് നന്ദിയും പറഞ്ഞു.

.....................

പെരുമണ്ണയിൽ കേരഗ്രാമം പദ്ധതി

നാളികേര കർഷകരുടെ സമഗ്ര വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടി പെരുമണ്ണ ഗ്രാമപഞ്ചായത്ത് കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതിയാണ് കേര ഗ്രാമം. 50 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പദ്ധതി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 250 ഹെക്ടർ സ്ഥലത്തെ 50,000 തെങ്ങുകളിലെ ഉൽപ്പാദന വർദ്ധനവാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് 79 കേരഗ്രാമമാണ് ഈ വർഷം ആരംഭിക്കുന്നത്. ജില്ലയിൽ മാത്രം 30,000 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ ചെറുവണ്ണൂർ, നൊച്ചാട്, ബാലുശ്ശേരി, നന്മണ്ട, കട്ടിപ്പാറ, വളയം, വേളം, കായക്കൊടി, മൂടാടി, ചോറോട്, ഉണ്ണിക്കുളം എന്നീ പന്ത്രണ്ട് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.