കോഴിക്കോട്: സ്വകാര്യ ബസ്സുകൾക്ക് പിന്നാലെ അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്തി കെ.എസ്.ആർ.സിയും യാത്രക്കാരെ പിഴിയുന്നതായി പരാതി. അവധി ദിനങ്ങളിലും ഉത്സവകാലങ്ങളിലും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചാണ് ചൂഷണം. കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാന, അന്തർ സംസ്ഥാന ബസ്സുകളിൽ ഈ ടിക്കറ്റ് നിരക്ക് കൂട്ടൽ നടക്കുന്നുണ്ട്.
അതേസമയം സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളുടെ കൊള്ള പതിവ് പോലെ തുടരുന്നു. സാധാരണ അവധി ദിനങ്ങളിൽ പോലും നിരക്ക് കുത്തനെ കൂട്ടി യാത്രക്കാരെ പിഴിയുന്നതാണ് ഇവരുടെ രീതി. 570 മുതൽ 900 രൂപവരെയാണ് സ്വകാര്യ ടൂറിസ്റ്റ് ബസ്സുകൾ ബംഗളുരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ഈടാക്കാറുള്ളത്. പക്ഷെ അവധി ദിവസങ്ങളിൽ ഈ നിരക്ക് 1200 മുതൽ 1500 വരെ ഉയർത്തും. ഉത്സവകാലങ്ങളിൽ നിരക്ക് 2000 രൂപ വരെ ഉയർത്താനും ഇവർ മടിക്കാറില്ല.
പൂജ അവധിക്കാലത്ത് നൂറ് കണക്കിന് മലയാളികളാണ് ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തുക. ഇവർ തിരിച്ച് ബംഗളുരുവിലേക്ക് പോകുമ്പോഴും അധിക നിരക്ക് നൽകേണ്ടി വരും. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 800 രൂപയിൽ നിന്ന് 1550 ആയിട്ടാണ് കൂട്ടിയിരിക്കുന്നത്. ട്രെയിനുകളിൽ ആഴ്ച്ചകൾക്ക് മുമ്പേ ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിലാണ് പല യാത്രക്കാരും കെ.എസ്.ആർ.സിയേയും സ്വകാര്യ ബസ്സുകളേയും ആശ്രയിക്കുന്നത്.
................
എ.സി മൾട്ടി ആക്‌സിൽ സ്‌കാനിയ, സൂപ്പർ ഡീലക്‌സുകൾക്ക് പുറമെ സൂപ്പർ എക്‌സ്പ്രസ്സ് ബസ്സുകളിലും നിരക്ക് വർദ്ധിപ്പിക്കുന്നത് പതിവാണ്.
ഈ മാസം 17 ന് ബംഗളുരുവിൽ നിന്നു് കോഴിക്കോട്ടേക്ക് സ്‌കാനിയയുടെ ടിക്കറ്റ് നിരക്ക് 1430 രൂപയും സൂപ്പർ ഡീലക്‌സിന് 885 രൂപയും സൂപ്പർ എക്‌സ്പ്രസ്സിന് 505 രൂപയുമാണ്. സാധാരണ ദിവസങ്ങളിൽ സ്‌കാനിയയ്ക്ക് 605 രൂപയും സൂപ്പർ ഡീലക്‌സിന് 505 രൂപയും സൂപ്പർ എക്‌സ്പ്രസ്സിന് 414 രൂപയുമാണ് നിരക്ക്. ഇതേ ദിവസം സ്‌കാനിയ ബസ്സിൽ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഈടാക്കുന്നത് 1430 രൂപയാണ്. 605 രൂപയിൽ നിന്നാണ് നിരക്ക് ഇരട്ടിയാക്കിയത്. 21 ന് തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കും ഇതേ നിരക്ക് തന്നെയാണ് സ്‌കാനിയയിൽ. സൂപ്പർ ഡീലക്‌സിൽ കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് 241 രൂപയ്ക്ക് പകരം 786 രൂപയാണ് ഈടാക്കുന്നത്. ഈ മാസം 18, 19, 20 തിയ്യതികളിൽ സൂപ്പർ ഡീലക്‌സിന്റെ നിരക്ക് 873 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.