malabar-gold
മലബാർ ഗോൾഡ്

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ ദീപാവലി വേളയിൽ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത് 250 കിലോഗ്രാം സ്വർണം. 250 ഷോറൂമുകളിലും ഓഫർ ലഭ്യമാണെന്ന് ചെയർമാൻ എം.പി. അഹമ്മദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

25 വർഷമായി ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തിനുള്ള നന്ദി സൂചകമായാണ് ഈ ഓഫർ. ഓരോ 10,000 രൂപയുടെ പർച്ചേസിനും ഒരു സ്വർണ നാണയം സൗജന്യമാണ്. ഒാരോ പതിനായിരം രൂപയ്ക്കും വജ്രാഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണ നാണയങ്ങൾ ലഭിക്കും. നവംബർ 25 വരെയാണ് ഓഫർ. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് ഇന്ത്യയ്ക്ക് പുറമേ സിംഗപ്പൂർ, മലേഷ്യ, യു.എ.ഇ, ബഹ്‌റിൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ട്. 25-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വൻ വികസന പദ്ധതികൾക്ക് മലബാർ ഗ്രൂപ്പ് രൂപംകൊടുത്തിട്ടുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, കാനഡ, ഈജിപ്‌ത്, ടർക്കി എന്നിവിടങ്ങളിൽ പുതിയ ഷോറൂം ഉടൻ തുറക്കും.

അഞ്ച് വർഷത്തിനകം ഷോറൂമുകളുടെ എണ്ണം 250ൽ നിന്ന് 750ലേക്ക് ഉയർത്തും. പുതുതായി 7,000 കോടി രൂപയുടെ നിക്ഷേപവും നടത്തും. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ മൊണ്ടാന എസ്‌റ്റേറ്റിൽ കമ്പനിയുടെ പുതിയ ആസ്ഥാനം നവംബർ രണ്ടിന് വൈകിട്ട് നാലിന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. ഉത്തരേന്ത്യയിലെയും മദ്ധ്യേന്ത്യയിലെയും സംസ്ഥാനങ്ങളിൽ പുതിയ നിക്ഷേപകരുടെ സഹായത്തോടെ കൂടുതൽ ഷോറൂമുകൾ ആരംഭിക്കുമെന്ന് ഇന്ത്യാ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ പറഞ്ഞു. 2023ഓടെ മലബാർ ഗോൾഡിന്റെ വിറ്റുവരവ് 45,000 കോടി രൂപയായും മലബാർ ഗ്രൂപ്പിന്റെ മൊത്തം വിറ്റുവരവ് 50,000 കോടി രൂപയായും വർദ്ധിക്കും. കൂടുതൽ സ്വർണാഭരണ നിർമ്മാണ യൂണിറ്റുകൾ തുടങ്ങും. ആഭരണ നിർമ്മാണ രംഗത്തെ വിദഗ്ദ്ധരുടെ കുറവ് പരിഹരിക്കാൻ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കാനും പുതിയ വീടുകൾ നിർമ്മിച്ച് നൽകാനും മറ്റും സർക്കാരുമായി സഹകരിച്ച് ഏഴ് കോടിയിലധികം രൂപയാണ് മലബാർ ഗ്രൂപ്പ് ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെ.പി. വീരാൻകുട്ടി, മീഡിയ ഹെഡ് കെ.പി നാരായണൻ എന്നിവരും പങ്കെടുത്തു.