child
ചൈൽഡ് ലൈൻ അഡ്വൈസറി യോഗത്തിൽ ജില്ലാ കളക്ടർ എ. ആർ.അജയകുമാർ സംസാരിക്കുന്നു

കൽപ്പറ്റ:കലാ കായിക വിനോദങ്ങളുൾപ്പെടെ പത്തിന പരിപാടികളോടെ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉത്സാഹവും സുരക്ഷയും ഉറപ്പാക്കുന്നതിന് ചൈൽഡ് ലൈൻ രൂപരേഖ തയ്യാറാക്കി. കളക്‌ട്രേറ്റ്‌കോൺഫററൻസ് ഹാളിൽചേർന്ന ജില്ലാ ഉപദേശക സമിതിയോഗത്തിൽ പദ്ധതി അവതരിപ്പിച്ചു. ദുരന്തഘട്ടങ്ങളിലെ ആത്മരക്ഷാ മുൻകരുതലുകളെക്കുറിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ജില്ലാ അഗ്നി സുരക്ഷസേന തെരഞ്ഞെടുത്ത സ്‌കൂളുകളിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. സ്വയരക്ഷ, ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള ആത്മ വിശ്വാസം വളർത്തിയെടുക്കുകയെന്നതും പരിശീലനത്തിന്റെ ഭാഗമാണ്. 100 സ്‌കൂളുകളിൽ ചൈൽഡ് ലൈനിന്റെഫോൺ നമ്പറും സന്ദേശവുമടങ്ങിയ പോസ്റ്റർ പതിക്കാനും തീരുമാനിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ പ്രശ്നങ്ങൾ പങ്കുവെയ്ക്കുന്നതിന് ബാലസഭകൾ ചേരും. ട്രൈബൽ പ്രമോട്ടേഴ്സ്, ആശാപ്രവർത്തകർ, ജെ.പി.എച്ച്.എൻ, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ്‌ ബോധവത്ക്കരണ പരിപാടി ഏകോപിപ്പിക്കുക. പഞ്ചായത്ത് ശിശു സുരക്ഷാസമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തീരുമാനമായി. കുട്ടികളുടെ ആശങ്ക അകറ്റുന്നതിന് സന്നദ്ധ പ്രവർത്തകരുടെ അനുഭവം പങ്കുവെയ്ക്കൽ, കൂട്ടായ്മ എന്നിവയും സംഘടിപ്പുക്കുമെന്നും ജില്ലാ ഉപദേശക സമിതി അദ്ധ്യക്ഷൻ ജില്ലാ കള്കടർ എ.ആർ.അജയകുമാർ അറിയിച്ചു. യൂണിസെഫിന്റെ ഇന്ത്യയിലെ ശിശു സുരക്ഷമേധാവി ഓഗിലാർസേവ്യർ, ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷൻ ദക്ഷിണേന്ത്യാമേധാവി അനുരാധാ വിദ്യാസാഗർ, സീനിയർപ്രോഗ്രാംകോ-ഓർഡിനേറ്റർ നിരീഷ് ആന്റണി, വയനാട്‌ കോ-ഓർഡിനേറ്റർ മജേഷ് രാമൻ, ശിശു സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പികളിലെ ജില്ലാ തല ഉദ്യേസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

ചൈൽഡ്‌ലൈൻ വളണ്ടിയർമാരെ അനുമോദിച്ചു

കൽപ്പറ്റ: പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ചൈൽഡ് ലൈൻ വളണ്ടിയർമാരെ അനുമോദിച്ചു. ചൈൽഡ് ലൈൻ, യൂനിസെഫ്, ജില്ലാ ദുരന്തനിവാരണ അതോറിട്ടി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് അനുമോദനം സംഘടിപ്പിച്ചത്. ജില്ലാ ആസൂത്രണഭവൻ എ.പി.ജെ അബ്ദുൾ കലാം ഹാളിൽ ചടങ്ങ് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളണ്ടിയർമാർക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. ചൈൽഡ്‌ലൈൻ റിജീയണൽ ഹെഡ് അനുരാധ വിദ്യാശങ്കർ അദ്ധ്യക്ഷത വഹിച്ചു. നഗരത്തിൽ നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ചൈൽഡ്‌ലൈൻ വളണ്ടിയർമാരെ വിദ്യാർത്ഥികളും സംഘാടകരും അനുമോദനവേദിയിലേക്ക് സ്വീകരിച്ചത്. തുടർന്നു വളണ്ടിയർമാരും കുട്ടികളും ദുരിതാശ്വാസ ഓർമകൾ പങ്കുവച്ചു. ചൈൽഡ് ലൈൻ ജില്ലാ ഡയറക്ടർ സി.കെ ദിനേശൻ, സീനിയർപ്രോഗ്രാംകോ-ഓർഡിനേറ്റർ നിരീഷ് ആന്റണി,കോർഡിനേറ്റർ മജേഷ് രാമൻ തുടങ്ങിയവർ സംസാരിച്ചു. എൻ.സി.സി, എൻ.എസ്.എസ്, കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.