വടകര: ശബരിമല വിഷയത്തിൽ പാർട്ടിനിലപാട് വ്യക്തമാക്കിയതിന് ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ.ലോഹ്യക്കെതിരെകൈയേറ്റശ്രമവും വധഭീഷണിയും. ലോഹ്യ വടകര പൊലിസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വടകര കോട്ടപ്പറമ്പിൽ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ്‌നാരായണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ലോഹ്യ ശബരിമല വിഷയത്തെകുറിച്ച് സംസാരിച്ചിരുന്നു. ഫുട്പാത്തിലൂടെ നടന്നുപോകുമ്പോൾ ആർ.എസ് .എസുകാരായ മൂന്നംഗസംഘം തടഞ്ഞ് നിർത്തി ചീത്തവിളിക്കുകയും കൈയേറ്റത്തിനു മുതിരുകയുമായിരുന്നുവെന്ന് ലോഹ്യ പറഞ്ഞു. സംഭവസ്ഥലത്തിനു സമീപത്തെ ബാങ്കിന്റെ സിസിടിവിയിൽ അതിക്രമത്തിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം. സംഭവത്തെ ജനതാദൾ എസ് നേതാവും വടകര എംഎൽഎയുമായ സി.കെ.നാണു അപലപിച്ചു. നടപടി സ്വീകരിക്കണമെന്ന് സി.കെ.നാണു ആവശ്യപ്പെട്ടു.