കോഴിക്കോട്: കല്ലായ് പുഴയുടെ തീരത്ത് മരവ്യവസായം നടത്തിവരുന്നവരുടെ ഭൂമിയിൽ ജില്ലാ ഭരണകൂടം ജണ്ട കെട്ടിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മരവ്യാപാരികളും വ്യവസായികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നൂറ്റാണ്ടുകളായി മര വ്യവസായം നടത്തുന്ന ഭൂമിയിൽ ടൂറിസത്തിന്റെ പേര് പറഞ്ഞ് സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നതെന്ന് കല്ലായ് ഇൻഡ്രസ്ട്രിയൽ ഏരിയ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ. ഇ‌സ്‌ഹാഖ് ആരോപിച്ചു.

തങ്ങളെ കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമാണ് കഴിഞ്ഞ ദിവസം നടന്നത്. ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഈ കേസിൽ തൽസ്ഥിതി തുടരാനാണ് ഉത്തരവായിട്ടുള്ളത്. ഇത് ലംഘച്ചതിനെതിരെ കോടതിയെ സമീപിക്കും. 46 വ്യവസായികൾ നൽകിയ ഹർജി ലാന്റ് റവന്യൂ കമ്മീഷണറുടെ പരിഗണനയിലിരിക്കെയാണ് ടൂറിസത്തിന്റെ പേരിൽ മര വ്യവസായികളെ ഒഴിപ്പിക്കുന്നത്.

1850 ൽ സർക്കാർ ഗ്രാന്റ് ലഭിച്ച ഭൂമിയാണിത്. പുഴ കയ്യേറിയ ഭൂമിയാണെന്ന് നിയമപരമായി സർക്കാർ തെളിയിച്ചാൽ തങ്ങളത് അംഗീകരിക്കും. ബലം പ്രയോഗിച്ച് ജണ്ടകെട്ടുന്നത് നീതിയല്ല. ഈ ഭൂമിയിൽ കയ്യേറ്റം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ അത് ബോദ്ധ്യപ്പെടുത്തണം. ടൂറിസം പദ്ധതികളോട് വിയോജിപ്പില്ലെന്നും നൂറുകണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കരുതെന്നും വ്യവസായികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കല്ലായി ടിമ്പർ ആൻഡ് സോ മിൽ അസോസിയേഷൻ പ്രസിഡന്റ് ലക്ഷ്മണൻ വെങ്കിടാചലം, വ്യാപാരി വ്യവസായി സംസ്ഥാന കമ്മറ്റി അംഗം സി.വി. ഇഖ്‌ബാൽ, എ.വി സുനിൽനാഥ്, മുഹമ്മദ് മുസ്ലിം എന്നിവർ പങ്കെടുത്തു.

 ഹർത്താൽ ആചരിച്ചു

കല്ലായ്: ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്ന സാഹചര്യത്തിൽ കല്ലായ് മര വ്യവസായ മേഖലയിൽ മുന്നറിയിപ്പില്ലാതെ ജെണ്ട സ്ഥാപിച്ച നടപടിയിൽ പ്രതിഷേധിച്ച് കല്ലായ് വ്യവസായ മേഖലയയിൽ കല്ലായ് ഇൻഡസ്ട്രിയൽ ഏരിയ വെൽഫെയർ അസോസിയേഷൻ ഹർത്താൽ നടത്തി.