കോഴിക്കോട്:വാഹനങ്ങളുടെ ടെസ്റ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ഒാട്ടോ -ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേവായൂർ ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിൽ കുത്തിയിരിപ്പ് സമരം നടത്തി. ആർ.ടി.ഒ ശശികുമാർ ഗ്രൗണ്ടിൽ എത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് തൊഴിലാളികൾ സമരം അവസാനിപ്പിച്ചത്.
ലീഗൽ മെട്രോളജി ഒാഫീസിൽ നിന്ന് മീറ്റർ സീൽ ചെയ്യാൻ ദിവസം നിശ്ചയിച്ച് നൽകിയാലും മോട്ടോർ വാഹന വകുപ്പ് ടെസ്റ്റ് അനുവദിക്കാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ ആരോപിച്ചു.ഇതോടൊപ്പം നിയമവിരുദ്ധമായ ലൈറ്റുകൾ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ അടിച്ച് പൊളിക്കുന്നതായും അവർ കുറ്റപ്പെടുത്തി.ഇനി മുതൽ മീറ്റർ സീലിംഗ് ചെയ്യാനുള്ള ദിവസം എഴുതിവാങ്ങി വരുന്ന തൊഴിലാളികൾക്ക് അവരുടെ ടെസ്റ്റ് നടത്താനുള്ള നടപടി സ്വീകരിക്കുമെന്നും നിയമവിരുദ്ധമായ ലൈറ്റുകൾ അഴിച്ച് മാറ്റാൻ തൊഴിലാളികളോട് നിർദ്ദേശിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
സമരം ജില്ലാ സെക്രട്ടറി യാസർ അറാഫത്ത് ഉദ്ഘാടനം ചെയ്തു.സിറ്റി കമ്മിറ്റി ഖജാൻജി സി.പി മജീദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഹേമന്ത് കുമാർ പ്രസംഗിച്ചു.