മാനന്തവാടി: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണം പോലും നൽകാത്തതിൽ പ്രതിഷേധിച്ച് ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ വില്ലേജ് ഓഫീസിന് മുന്നിൽ പട്ടിണി സമരം നടത്തി. കാലവർഷത്തിൽ മണ്ണിടിഞ്ഞ് വീടുകൾ ഭാഗീകമായി തകർന്നതിനെ തുടർന്ന് ഇപ്പോഴും ദുരിതാശ്വാസ ക്യമ്പിൽ കഴിയുന്ന നാല് കുടുംബങ്ങൾക്കും ഭക്ഷണവും ആനുകൂല്യങ്ങളും നിഷേധിക്കുന്നു എന്നാരോപിച്ചാണ് പട്ടിക വർഗ്ഗ പണിയ വിഭാഗത്തിലെ നാല് കുടുംബങ്ങൾ പേര്യ വില്ലേജ് ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തിയത്. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേര്യ അയിനിക്കൽ കൈപ്പഞ്ചേരി പണിയ കോളനി നിവാസികളാണ് ദുരിതം പേറുന്നത്. കോളനിയിലെ 12 വീടുകളിൽ നാല് വീടുകൾ പൂർണ്ണമായും ആറ് വീടുകൾ ഭാഗീകമായുമാണ് തകർന്നത്. നെല്ല, കറപ്പൻ, സജി, സിന്ധു എന്നിവരുടെ വീടുകൾ പൂർണ്ണമായും മണ്ണിടിഞ്ഞ് തകർന്നതിനാൽ ഇവരെ അയിനിക്കൽ നിർമ്മല സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും പിന്നീട് അയിനിക്കൽ കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റുകയായിരുന്നു. നാല് കുടുംബങ്ങളിലായി 20ഓളം പേരാണ് ഇപ്പോഴും ക്യാമ്പിൽ കഴിയുന്നത്. . പേര്യ ആലാറ്റിൽ റോഡിൽ നിന്നും 20 മീറ്ററോളം അകലെയുള്ള കോളനിയിൽ ഗതാഗതയോഗ്യമായ റോഡ് പോലുമില്ല. ഇക്കഴിഞ്ഞ ശക്തമായ കാലവർഷത്തിൽ 50 മീറ്ററോളം ഉയരുമുള്ള കുന്നിൽ നിന്നും മണ്ണിടിഞ്ഞതിനാൽ നാല് വീടുകൾ പൂർണ്ണമായി തകരുകയായിരുന്നു. ഇതിന് പുറമേ വീടുകളുടെ മുൻഭാഗത്തേയും പിൻഭാഗത്തേയും കുന്നുകളിൽ വൻവിള്ളലുകൾ രൂപപ്പെട്ടിരുന്നു. അപകടാവസ്ഥ തുടർന്നതിനാലാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്. റവന്യം വകുപ്പിന്റെ കണക്കിൽ ഇങ്ങനെയൊരു ദുരിതാശ്വാസ ക്യാമ്പില്ലത്രെ. അതു കൊണ്ട് ഭക്ഷണവും സഹായങ്ങളും നൽകാൻ കഴിയില്ലന്നാണ് വാദം.
സമരത്തെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം മാനന്തവാടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പി.പി. സ്റ്റാൻലിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. പ്രളയ കാലത്തേപോലെ ക്യാമ്പിൽ എല്ലാ ആനുകൂല്യങ്ങളും ഭക്ഷ്യ വിഭവങ്ങളും നൽകുമെന്ന് ഇവർ ഉറപ്പ് നൽകി. സ്ഥലം കണ്ടെത്തി എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും ഇവർ ഉറപ്പ് നൽകി. തുടർന്ന് വൈകുന്നേരത്തോടെ സമരം അവസാനിപ്പിച്ചു.