മാനന്തവാടി: മാനന്തവാടി നഗരം ഇനി ക്യാമറാ പരിധിയിൽ. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സി.സി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നഗരസഭയുടെയും ടെലികമ്യൂണിക്കേഷന്റെയും സഹകരണത്തോടെ നരഗത്തിൽ പ്രധാന കേന്ദ്രങ്ങളിലായി പതിനേഴ് ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിൽ രണ്ട് ക്യാമറകൾ 360 ഡിഗ്രിയിൽ ചുറ്റുമുള്ള കാഴ്ചകൾ പകർത്താൻ കൺട്രോൾ മുറിയിലിരുന്ന് കഴിയുന്നവിധത്തിലുള്ളതാണ്. ഈ ക്യാമറകളിലെ കാഴ്ചകൾ സൂം ഇൻ ചെയ്ത് കാണാനും കഴിയും .ട്രാൻസ്മീറ്ററുകൾ സ്ഥാപിച്ച് കൊണ്ട് പൂർണ്ണമായും വൈഫൈ സൗകര്യം പ്രയോജനപ്പെടുത്തി വയർലെസ്സായിട്ടാണ് പോലീസ് കൺട്രോൾ മുറിയിലേക്ക് നഗരക്കാഴ്ചകൾ എത്തിക്കുന്നത്. 15 ദിവസത്തിലധികം വീഡിയോകൾ സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളത്. റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നും എട്ട് ലക്ഷത്തോളം രൂപയാണ് ക്യാമറ സ്ഥാപിക്കുന്നതിനായി ചിലവഴിക്കുന്നത്. തുടർന്നുള്ള വൈദ്യുതിയും മറ്റ് ചിലവുകളും നഗരസഭ വഹിക്കും. നഗരത്തിലെ എട്ട് പ്രധാന കേന്ദ്രങ്ങളിലാണ് നിലവിൽ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. സാധാരണയായി കച്ചവട സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും സ്ഥാപിക്കുന്ന ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ പലപ്പോഴും ബ്ലാക്ക് ആന്റ് വൈറ്റ് ആയതിനാൽ ആളുകളെ വ്യക്തമാവാറില്ല. അതിനാൽ ഉയർന്ന എച്ച്ഡി ക്വാളിറ്റിയിലുള്ള കളർ ചിത്രങ്ങൾ ലഭ്യമാവുന്ന വിധത്തിലുള്ള ക്യാമറകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.നഗരത്തിൽകൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനായി സ്വകാര്യ സംരംഭകരുടെ സഹായം തേടും. ക്യാമറ സ്ഥാപിക്കുന്നതിന്റെ 90 ശതമാനം പ്രവർത്തികളും പൂർത്തിയായി. ഒരാഴ്ചക്കുള്ളിൽ കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള വിംഗാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി 24 മണിക്കൂർ പൊലീസിനെ ചുമതലപ്പെടുത്തുമെന്നാണ് കരുതുന്നത്. സാമൂഹ്യ വിരുദ്ധപ്രവൃത്തികൾ, പൊതു സ്ഥലങ്ങളിലെ മദ്യപാനം ,വാഹനങ്ങളുടെ നിയമലംഘനങ്ങൾ, രാത്രിയിലെ അസാന്മാർഗ്ഗിക പ്രവൃത്തികൾ തുടങ്ങിയവയെല്ലാം പൊലീസ് സ്‌റ്റേഷനിലിരുന്ന് കൊണ്ട് നിരീക്ഷിക്കാൻ കഴിയുന്നതോടെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താൻ കഴിയുമെന്ന് പൊലീസ് കരുതുന്നു.