കൽപ്പറ്റ: സർക്കാർ നിർമ്മിതമായ പ്രളയ ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന് മുൻ എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ. പ്രളയ ദുരന്തം അതിജീവിക്കുന്നതിന് ദീർഘ വീക്ഷണത്തോടെ പദ്ധതികൾ തയ്യാറാക്കി പ്രവർത്തിക്കുന്നതിന് പകരം സാലറി ചാലഞ്ച് എന്ന പേരിൽ നിശ്ചിത വരുമാനക്കാരായ ജീവനക്കാരിൽ നിന്നും ഗുണ്ടാ പിരിവ് മാതൃകയിൽ ശമ്പളം പിടിച്ചെടുക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിക്കുകയും ഭവന നിർമ്മാണ പദ്ധതി നിർത്തലാക്കി ജീവനക്കാരന്റെ ഒരു വീടെന്ന സ്വപ്നം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നും എന്നും അവർ പറഞ്ഞു. കേരളാ എൻ.ജി.ഒ അസോസിയേഷൻ മുപ്പത്തി എട്ടാമത് വയനാട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ. ജില്ലാ പ്രസിഡന്റ് വി.സി സത്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ ജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. യു.ഡി.എഫ് ജില്ലാ കൺവീനർ എൻ.ഡി അപ്പച്ചൻ ,കെ.പി.സി.സി മെമ്പർ വി.എ മജീദ് ,ഗോകുൽദാസ് കോട്ടയിൽ ,പോൾസൺ ,ജോയ്, രമേശ് മാണിക്യൻ, മോബിഷ് പി തോമസ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.കെ ബെന്നിയും സംഘടനാ ചർച്ച ജനറൽ സെക്രട്ടറി ഇ.എൻ ഹർഷകുമാറും യാത്രയയപ്പ് സമ്മേളനം ട്രഷറർ പി.ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ചവറ ജയകുമാർ, ബി.മോഹനചന്ദ്രൻ, കെ.എ മാത്യു ,എ.എം ജാഫർ ഖാൻ, ഉമാശങ്കർ , സെക്രട്ടറിയറ്റ് അംഗം റോയ് ജോർജ്ജ് എന്നിവർ സംസാരിച്ചു.