1
ഹരിതസേനയുടെ നേതൃത്വത്തിൽ കർഷകർ ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ: കർഷകരെ സർക്കാർ രക്ഷിക്കണമെന്നും കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും കർഷകർക്ക് മാസം 10000 രൂപ ജീവനാംശം നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഹരിതസേനയുടെ നേതൃത്വത്തിൽ കർഷകർ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലയിൽ കർഷകരുടെ കൃഷിയിടങ്ങളിൽ ഒന്നും തന്നെ അവശേഷിക്കുന്നില്ല. കാർഷിക കടങ്ങൾ ബാദ്ധ്യതയായി. അടുത്ത കാലത്തായി ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള ഇടപെടലുകളെ തുടർന്ന് നിരവധി കർഷകർ ആത്മഹത്യ ചെയ്തു. അതിവർഷത്തെ തുടർന്ന് റോഡും പാലവും നന്നാക്കുവാൻ ഫണ്ട് സ്വരൂപിക്കുന്ന ഭരണകൂടം കർഷകരുടെ ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനെതിരെ കർഷകരെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.സുരേന്ദ്രൻ പറഞ്ഞു. വയനാടൻ കാർഷിക വിളകളായ കാപ്പി, കുരുമുളക്, കവുങ്ങ് എന്നിവ നശിച്ചതിനാൽ കേടു വന്ന കാർഷിക വിളകൾ ഏറ്റിക്കൊണ്ടാണ് കർഷകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പി.എൻ.സുധാകരസ്വാമി,ജോസ് പുന്നയ്ക്കൽ,സി.യു.ചാക്കോ,ജോസ് പാലിയാണ, എൻ.എ.വർഗ്ഗീസ്, എം.കെ.ഹുസൈൻ, സി.ആർ.ഹരിദാസ്,എം.എ. അഗസ്റ്റിൻ, ടി.എംജോസ്, എം.മാധവൻ, എം.സന്തോഷ്, ആർ.സുദർശനൻ, എം.എം.വർഗ്ഗീസ്, പി.എ.വർഗ്ഗീസ്, പി.എ.നാഗകുമാർ എന്നിവർ സംസാരിച്ചു.