abdulla
ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തുന്ന പ്രതി അബ്ദുള്ള

വടകര: വടകരയിലെയും പേരാമ്പ്രയിലേയും ക്ഷേത്ര,പള്ളി ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന തിരുവള്ളൂർ വെള്ളൂക്കര മേലംകണ്ടി മീത്തൽ അബ്ദുള്ള(26)അറസ്റ്റിൽ. വടകര പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് സി.ഐ. ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളാണ് അറസ്റ്റ് ചെയ്തത്.

തിരുവള്ളൂർ ബാവുപ്പാറ ശിവ ക്ഷേത്രം, വടകര പരവന്തല ശിവക്ഷേത്രം, വില്ല്യാപ്പള്ളി പറമ്പിൽ പള്ളി, ആറങ്ങോട്ട് പള്ളി, നടുക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രം, വില്യാപ്പള്ളി തിരുമന ക്ഷേത്രം, പേരാമ്പ്ര ഈശ്വരൻ കണ്ടി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്നു മോഷ്ടിച്ചത് ഇയാളാണെന്ന് പൊലിസ് പറഞ്ഞു. രണ്ടു വർഷത്തോളമായി വിദേശത്താണെന്നു പറഞ്ഞു വീട്‌വിട്ടു നിൽക്കുകയാണ്. ഒരു വർഷംമുമ്പ് വിദേശത്തുനിന്നും നാട്ടിൽ വന്നിട്ട് വീട്ടിൽപോകാതെ കളവു നടത്തി ലോഡ്ജുകളിലും മറ്റും ഒളിച്ചു സുഖലോലുപനായി കഴിയുകയായിരുന്നു. 2016ൽ തിരുവള്ളൂരിലെ ഒരു വീട്ടിൽ നിന്നും ലാപ്‌ടോപ്പ് കവർന്ന കേസിൽ പ്രതിയായ അബ്ദുള്ള മുങ്ങി നടക്കുകയായിരുന്നു. ഈ കേസിൽ ഇയാളുടെ സുഹൃത്ത് പിടിയിലായിരുന്നു. തുടർന്നാണ് വിദേശത്തേക്ക് പോയത്. ഒരു വർഷം കഴിഞ്ഞ് നാട്ടിലെത്തി വടകര ടൗണിലെ മുഗൾ ലോഡ്ജ്, നാഷണൽ ടൂറിസ്റ്റ് ഹോം, കോഴിക്കോട് മലബാർ ലോഡ്ജ് എന്നിവിടങ്ങളിൽ മാറി മാറി താമസിച്ച് കവർച്ച നടത്തുകയായിരുന്നു. ഒരു മാസം മുമ്പ് തിരുവള്ളൂർ ബാവുപ്പാറ ക്ഷേത്രത്തിൽ നിന്ന് ഏഴ് ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു. വടകര പരവന്തല ക്ഷേത്രത്തിൽ പണം കവർന്ന ശേഷം പോകുമ്പോൾ സിസിടിവിയിൽ കുടുങ്ങിയിരുന്നു. വാടകക്കെടുത്ത ബൈക്കിലായിരുന്നു വന്നത്. തുടർന്നാണ് അബ്ദുള്ളയിലേക്ക് അന്വേഷണം വന്നത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മറ്റു ജില്ലകളിൽ ഇത്തരം കവർച്ചകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു. അന്വേഷണ സംഘത്തിൽക്രൈംസ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മാരായ സി.എച്ച്. ഗംഗാധരൻ, കെ.പി.രാജീവൻ, സീനിയർ സി.പി.ഒ സി.യൂസഫ്, സി.പി.ഒ.വി.വി.ഷാജി,ഡ്രൈവർ പ്രദീപൻ എന്നിവർഉണ്ടായിരുന്നു.