ചെലവ് ചുരുക്കി സ്കൂൾ മേളകൾ
കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ കായികമേള ഈ മാസം 21, 22 തീയതികളിൽ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മേളകൾ ചെലവ് ചുരുക്കി നടത്തുന്നതിന്റെ ഭാഗമായാണ് കായികമേള രണ്ട് ദിവസത്തിലേക്ക് ചുരുക്കിയത്. ഉദ്ഘാടന ചടങ്ങുകളും സമാപന ചടങ്ങുകളും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രോഫി വിതരണവും ഇത്തവണ ഒഴിവാക്കും. അതേ സമയം മേളയിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഭക്ഷണം നൽകും. സ്പോൺസർമാരെ കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നവംബർ എട്ട്, ഒമ്പത് തിയ്യതികളിൽ ശാസ്‌ത്രോത്സവം നടക്കും. മർക്കസ് ബോയ്‌സ്ആൻഡ് ഗേൾസ് എച്ച്.എസ്.എസിൽ ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും സംഘടിപ്പിക്കും. കുന്ദമംഗലം എച്ച്.എസ്.എസിലാണ് പ്രവൃത്തിപരിചയമേള. എ.യു.പി.എസ് കുന്ദമംഗലത്ത് സാമൂഹ്യശാസ്ത്രമേള നടത്തും. ശാസ്ത്രമേള ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം വടകര റവന്യൂ ജില്ലയിലാണ് നടത്തുന്നത്. ആറ് സ്‌കൂളുകളിലെ 20 വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. അഞ്ച് ദിസങ്ങളായാണ് കഴിഞ്ഞ തവണ കലോത്സവം നടന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ദിവസം രണ്ടാക്കി ചുരുക്കി. വിധികർത്താക്കളുടെ പാനൽ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാറാണ്. ഇതാണ് കലോത്സവ തിയ്യതി പ്രഖ്യാപിക്കാൻ വൈകുന്നതെന്ന് ഡി.ഡി.ഇ പറഞ്ഞു. കലോത്‌സവത്തിന്റെ സ്വാഗതസംഘം വടകര സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്.എസിൽ ഈ മാസം 24നും ശാസ്‌ത്രോത്സവത്തിന്റെ സ്വാഗത സംഘം 26നു മർക്കസ് എച്ച്.എസ്.എസിലും നടക്കും.
ചടങ്ങിൽ കലാ കായിക ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സി.കെ. സനൂജ് ആണ് മൂന്ന് മേളകളുടെയും ലോഗോ ഡിസൈൻ ചെയ്തത്. വാർത്താസമ്മേളനത്തിൽ മീഡിയ കൺവീനർ പി.പി. ഫിറോസ് പങ്കെടുത്തു.