കോഴിക്കോട്: തെറ്റായ സത്യവാങ്മൂലം നൽകി മുൻഗണനാ/ എ.എ.വൈ വിഭാഗത്തിൽ റേഷൻ കാർഡുകൾ ലഭിച്ച അനർഹരായ കാർഡുടമകൾ ഈ മാസം 25ന് മുൻപ് കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അല്ലാത്തപക്ഷം പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വിലയും ഈടാക്കുന്നതും കാർഡുകൾ റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. സർക്കാർ/ അർദ്ധ സർക്കാർ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ / സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവ്വീസ് പെൻഷണർ, ആദായനികുതി ഒടുക്കുന്നവർ, പ്രതിമാസ വരുമാനം 25000/- രൂപയ്ക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവർ, സ്വന്തമായി ഒരേക്കറിനു മുകളിൽ ഭൂമിയുള്ളവർ (പട്ടിക വർഗ്ഗക്കാർ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടോ / ഫ്ളാറ്റോ ഉള്ളവർ, നാല് ചക്രവാഹനം സ്വന്തമായി ഉളളവർ (ഉപജീവനമാർഗ്ഗമായ ടാക്സി ഒഴികെ), കുടുംബത്തിൽ ആർക്കെങ്കിലും പ്രതിമാസം 25000/- രൂപയിൽ അധികം വരുമാനം ഉള്ളവർ എന്നിവർക്ക് മുൻഗണനാ / എ.എ.വൈ കാർഡിന് അർഹത ഉണ്ടായിരിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.