കോഴിക്കോട്: കാറ്റ് വിതച്ചവൻ സിനിമയുടെ ആദ്യ പ്രദർശനവും സംവാദവും സംഘടിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജൻ കൊലക്കേസിന്റെ കഥ പറയുന്ന സിനിമ ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ സുരേഷ് അച്ചൂസ്, അഡ്വ. ഷിബു കുരിയാക്കോസ്, ഷിബു ഏദൻസ് എന്നിവരാണ് നിർമിച്ചത്. അരയിടത്ത് പാലം ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സിനിമാ പാരഡൈസോ തിയേറ്ററിലാണ് പ്രദർശനം നടന്നത്.
രാജന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ ഡി.എെ.ജി രാജഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അടിയന്തരാവസ്ഥ കാലഘട്ടവും നക്സലുകളുടെ പ്രവർത്തനവും, രാജന്റെ തിരോധാനവും പൊലീസിന്റെ ക്രൂരതയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഫ. സതീഷ് പോൾ തിരക്കഥയും സംവിധാനവും, ഷിബു ആറ്റുകാൽ കാമറയും, ജോബി ജെയ്ംസ് ഗാനരചനയും നിർവ്വഹിച്ചു.
പ്രദർശനത്തിന് ശേഷം നടന്ന ചർച്ചയിൽ പഴയകാല നക്സൽ പ്രവർത്തകരും രാജന്റെ സുഹൃത്തുക്കളും സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുത്തു. രാജനെക്കുറിച്ചുള്ള ഓർമകളും അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട ഭയാനകമായ വേദനയും സിനിമയെക്കുറിച്ചുള്ളു അഭിപ്രായങ്ങളും അവർ പങ്കുവെച്ചു.
വെള്ളത്തൂൂവൽ സ്റ്റീഫൻ, ബാലുശ്ശേരി അപ്പു, ടി.വി വിജയൻ, എം.എം സോമശേഖരൻ, വി.കെ പ്രഭാകരൻ, കെ വേണു, ടി.ടി സുഗതൻ, കെ.കെ അപ്പുക്കുട്ടൻ, പൂവാട്ട് പറമ്പ് വേണു, പി.സി ഉണ്ണിച്ചെക്കൻ, സിവിക് ചന്ദ്രൻ, ബെൻഹർ, ഗോപിനാഥ്, അശോകൻ, അച്യുതൻ തുടങ്ങിയവർ പങ്കെടുത്തു.