കോഴിക്കോട്: മിഠായി തെരുവ് ഗുണ്ടകളുടെതും കച്ചവടക്കാരുടേതും ടാക്‌സിക്കാരുടേതും മാത്രമല്ലെന്നും സാധാരണ ജനങ്ങളുടേതുമാണെന്നും സിവിക് ചന്ദ്രൻ പറഞ്ഞു. ലോകത്തിലും കേരളത്തിൽ മറ്റിടങ്ങളിലും നഗരങ്ങളിൽ കലകളും പ്രതിഷേധങ്ങളും നടത്താറുണ്ട്. എന്നാൽ ഇതിൽ നിന്ന് വിഭിന്നമാണ് പൈത്യക ത്തെരുവെന്നവകാശപ്പെടുന്ന മിഠായ് തെരുവിൽ ജനങ്ങളുടെ പ്രതിഷേധങ്ങൾക്കും കലകളുടെ അവതരത്തിനും അനുമതി നിഷേധിച്ചിരിക്കുന്നത്.ഇതിനെതിരെ കോർപറേഷനും പൊലീസിനും ജില്ലാ ഭരണകൂടത്തിന്നുമെതിരായാണ് സമരമെന്നും സിവിക് ചന്ദ്രൻ പറഞ്ഞു.

ഏകാംഗ നാടകം, നാടൻ പാട്ടുകൾ, ചിത്ര പ്രദർശനം എന്നിങ്ങനെ വ്യത്യസ്ത രീതികളിലാണ് പ്രതിഷേധങ്ങൾ എസ്.കെ പ്രതിമക്കു ചുറ്റും അവതരിപ്പിച്ചത്. മിഠായി തെരുവിൽ പാടാൻ അനുമതി നിഷേധിച്ച തെരുവ് ഗായകൻ ബാബു ഭായി പ്രതിഷേധ സൂചകമായി അവതരിപ്പിച്ച പാട്ടുകേൾക്കാൻ നിരവധിയാളുകൾ തടിച്ചു കൂടി. പ്രതിഷേധ പരിപാടിയിൽ എൻ.പി ചെക്കുട്ടി, യു.കെ കുമാരൻ, കൽപറ്റ നാരായണൻ, കെ.പി പ്രകാശൻ, അർച്ചന എന്നിവർ സംസാരിച്ചു. രണ്ടാം ഘട്ട പ്രതിഷേധ സമരമാണ് ഇന്നലെ നടന്നത്. നേരത്തേ നടന്ന സമരത്തിനെതിരെയും ഇന്നലെ നടന്ന സമരത്തിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.