പുൽപള്ളി:മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിൽ ഗതാഗതത്തിന് ഭീഷണിയായി റോഡിടിയുന്നു. മരക്കടവ് അങ്ങാടിയിൽ ബസ്സുകളും മറ്റും തിരിക്കുന്ന ഭാഗത്താണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.
ഈയിടെ പെയ്ത കനത്ത മഴയിലാണ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞില്ലാതായത്. ചെറു വാഹനങ്ങൾക്കുപോലും കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. മരക്കടവ് ഗവ.എൽ.പി സ്‌കൂളിന് സമീപത്താണ് റോഡിന്റെ വശം ഇടിഞ്ഞ് ഇല്ലാതായത്. ഏറെ ആഴത്തിലുള്ള കുഴികളിൽ വിദ്യാർത്ഥികളടക്കം വിഴൂന്നത് പതിവായിട്ടുണ്ട്. ഈ വഴി പരിചയമില്ലാത്ത ആളുകൾ വാഹനങ്ങൾ ഓടിച്ചുവരുമ്പോൾ അപകടത്തിൽ പെടുന്നതും പതിവായി. ഈ അടുത്ത് ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽ പെട്ടു. താത്കാലികമായി കുഴിയടക്കാനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. റോഡ് അറ്റകുറ്റ പണി നടത്തി ഗതാഗതത്തിന് യോഗ്യമാക്കി തീർക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.