ck-nanu
റെയിൽവെകുളം

വടകര:ആവിഎൻജിന്റെ കാലത്ത് ട്രെയിൻ ഓടണമെങ്കിൽ റെയിൽവേ കുളം വേണമായിരുന്നു.അന്ന് എൻജിൻ ഓടിക്കാൻ വേണ്ടവെള്ളം ‌ഈ കുളത്തിൽ നിന്നാണ് എടുത്തിരുന്നത്. കാലം മാറി .സ്ഥിതി ഇപ്പോൾ ഏറെ കഷ്ടം. വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അനവദ്യ എൻ ലക്ഷ് മിയും മേഘ്ന സലിലും തങ്ങളുടെ പഠന പ്രോജക്ടിന്റെ ഭാഗമായി റെയിൽവേ കുളത്തെ സംരക്ഷിക്കാൻ രംഗത്തിറങ്ങി. റെയിൽവേ ഉദ്യോഗസ്ഥരുമായും സമീപവാസികളുമായും കൂടിക്കാഴ്ചനടത്തി വിവരങ്ങൾ ശേഖരിച്ചു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ കുളത്തിന്. വളരെ ആഴമുള്ള ഈ കുളത്തിൽ മൂന്ന് ഉൾ കിണറുകൾ ഉണ്ട്. കുളത്തിൽ നിന്നും വിദ്യാർത്ഥിനികൾ ശേഖരിച്ച വെള്ളംസി. ഡബ്ല്യു.ആർ.ഡി.എം. ശാസ്ത്രജ്ഞൻ ഡോ. മാധവന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. കുളത്തിനുള്ളിൽനിന്നും ചുറ്റുവട്ടത്തുനിന്നും ശേഖരിച്ച് രണ്ട് മണ്ണ് സാമ്പിളുകൾ തിക്കോടിയിലെ ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിൽ പരിശോധിച്ചപ്പോഴും മാലിന്യമുണ്ടായിരുന്നു.കുളക്കരയിൽ നിന്നും ശേഖരിച്ച ചെടികൾ മടപ്പള്ളി ഗവൺമെൻറ് കോളേജ് ബോട്ടണി വിഭാഗം തലവൻ പരിശോധിച്ചു. പ്രത്യേക വിഭാഗത്തിൽപ്പെട്ടവയാണ് ഇവയെന്ന് കണ്ടെത്തി. തൊട്ടടുത്തുള്ള ഓടയിൽ നിന്നും ജലം കുളത്തിലേക്ക് ഒഴുകുന്നത് വെള്ളം മലിനമാകാൻ കാരണമാകുന്നുണ്ട്. ചുറ്റുവട്ടത്തുള്ള വൻമരങ്ങളിൽ നിന്നും വീഴുന്ന ഇല ചീയുന്നതും പ്രശ്നമാണ്. എത്രകടുത്ത വേനലിലും‌ ഈ കുളത്തിൽ വെള്ളം വറ്റാറില്ല.വെള്ളം മലിനമാകുമ്പോൾ തൊട്ടടുത്ത കിണറുകളിലേക്കും മാലിന്യം വ്യാപിക്കുന്നു. കുളത്തെ രക്ഷിക്കാൻ ജനപ്രതിനിധികളും, റെയിൽവേ അധികാരികളുംസന്നദ്ധ സംഘടനകളും പലപ്രാവശ്യം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാലിന്യത്തെ കുറിച്ച് പറഞ്ഞ് നിർത്താതെ അതിനുള്ള പരിഹാരമാർഗങ്ങളും നിർദേശിക്കുന്നുണ്ട് വിദ്യാർത്ഥിനികൾ. ഓടയിൽ നിന്നും കുളത്തിലേക്കുള്ള ഒഴുക്ക് നിർത്തണം. കുളം വൃത്തിയാക്കി മുകളിൽ ഇലകൾ കുളത്തിലേക്ക് വീഴാത്ത രീതിയിൽ വലവിരിച്ച് കെട്ടണം.പ്രധാന നിർദ്ദേശംഇവയാണ് . കുളം വൃത്തിയാക്കി സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.പി,എം.എൽ.എ, റെയിൽവേ അധികാരികൾഎന്നിവർക്ക് വിദ്യാർത്ഥിനികൾനിവേദനം നൽകി .