കോഴിക്കോട്: ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ ജനാധിപത്യരീതിയിൽ സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകും. പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ റിവ്യൂപെറ്റീഷൻ സമർപ്പിക്കും.വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹ്നാഫാത്തിമ മല കയറിയതിന്റെ പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസിന്റെ പടച്ചട്ടയും ഉപകരണങ്ങളും യുവതികൾക്ക് നൽകിയത് ഗുരുതരമായ നിയമലംഘനമാണ്. ഇതിനെകുറിച്ച് ഉന്നതല അന്വേഷണം വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. വടകരയിലെ അക്രമരാഷ്ട്രീയത്തിനെതിരെ 23 ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഉപവാസം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, കെ. മുരളീധരൻ, ബെന്നി ബെഹന്നാൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രവീൺകുമാർ, പി.എം നിയാസ് എന്നിവർ പങ്കെടുത്തു.