gokulam

 ജേഴ്സി പ്രകാശനം ചെയ്തു

കോഴിക്കോട്: കഴിഞ്ഞ തവണ ഐ ലീഗിന്റെ അവസാന ലാപ്പുകളിൽ കത്തിക്കയറിയ ഗോകുലം കേരള എഫ്.സി ചാമ്പ്യന്മാരാകാനുറച്ചാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ഉഗാണ്ടൻ താരം മുഡ്ഡെ മൂസയുടെ നേതൃത്വത്തിലിറങ്ങുന്ന ടീമിന്റെ കരുത്ത് യുവത്വത്തിന്റെ ചുറുചുറുക്കും കളിക്കളത്തിലെ ഒത്തിണക്കവുമാണ്. ജേഴ്സിയിലുൾപ്പെടെ പുതുമയുമായാണ് ഗോകുലം ഇത്തവണ കളത്തിലിറങ്ങുക.

ഈമാസം 27ന് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ മോഹൻ ബഗാനുമായാണ് ആദ്യ മത്സരം. 2018-19 സീസണിലെ ഗോകുലം കേരള എഫ്.സിയുടെ ജേഴ്‌സി കോഴിക്കോട്ട് നടന്ന ചടങ്ങിൽ ചെയർമാൻ ഗോകുലം ഗോപാലൻ അവതരിപ്പിച്ചു. ഗോകുലത്തിന്റെ ഉദ്ഘാടന മത്സരത്തിൽ ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് ഗോകുലം ഗോപാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലയാളിതാരം മുഹമ്മദ് റാഷിദാണ് ഗോകുലത്തിന്റെ വൈസ് ക്യാപ്‌ടൻ. ഐ.എസ്.എല്ലിൽ തിളങ്ങിയ മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ അന്റോണിയോ ജർമ്മനാണ് ടീമിന്റെ കുന്തമുന. ജർമ്മനെക്കൂടാതെ
അഞ്ച് വിദേശതാരങ്ങൾ കൂടി സ്‌ക്വാഡിലുണ്ട്. ക്യാപ്ടനായ ഉഗാണ്ടൻ ഡിഫൻസീവ് മിഡ്ഫീൽഡർ മുഡ്ഡെ മൂസയും പ്രതിരോധതാരം ഡാനിയൽ അഡോയും ഗോകുലത്തിന്റെ കരുത്താണ്. അർജന്റീനയിൽ നിന്നുള്ള ഫാബ്രിസിയോ ഒർടിസും ടീമിലുണ്ട്. ബ്രസീലിൽ നിന്നുള്ള ഗിൽഹെർമെ കാസ്‌ട്രോ, ഉസ്ബക്കിസ്ഥാന്റെ എവ്ജനി കൊച്ചേവ് എന്നിവരാണ് മറ്റ് വിദേശ താരങ്ങൾ. 14പേർ മലയാളികളാണ്. കഴിഞ്ഞ സീസണിൽ തിളങ്ങിയ മുഹമ്മദ് റാഷിദ്, അർജ്ജുൻ ജയരാജ്, കെ.സൽമാൻ, ഉസ്മാൻ ആഷിക് എന്നിവരെ നിലനിറുത്തി. കോഴിക്കോട്ടുകാരനായ ഗോൾകീപ്പർ ഷിബിൻരാജ് കുനിയിൽ, പി.എ. അജ്മൽ, ജസ്റ്റിൻ ജോർജ്ജ്, ജിഷ്ണു ബാലകൃഷ്ണൻ, ബിജേഷ് ബാലൻ, എസ്.രാജേഷ്, വി.പി സുഹൈർ, ഗനി അഹമ്മദ് നിഗം, ഷഹബാസ് സലീൽ, പി.എ.നാസർ എന്നിവരാണ് മറ്റു മലയാളിതാരങ്ങൾ.വാർത്താസമ്മേളനത്തിൽ സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ടി.പി. ദാസൻ, ക്ലബ് പ്രസിഡന്റ് വി.സി. പ്രവീൺ, സി.ഇ.ഒ ഡോ.അശോക് കുമാർ, കെ.ഡി.എഫ്.എ സെക്രട്ടറി ഹരിദാസൻ, കോച്ച് ബിനോ ജോർജ്ജ് എന്നിവർ പങ്കെടുത്തു.

 ടിക്കറ്റ് വില 50 രൂപ മുതൽ

50രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 75രൂപയുടേയും 150രൂപയുടേയും ദിവസ ടിക്കറ്റുകളുണ്ട്. സീസൺ ടിക്കറ്റുകൾക്ക് 300,500, 700 രൂപയാണ് ഈടാക്കുന്നത്. പത്ത് മത്സരങ്ങളാണ് കോർപറേഷൻ സ്‌റ്റേഡിയത്തിലുള്ളത്. ടിക്കറ്റുകൾ പെടിഎം ആപ്പിലൂടെയും വെബ്‌സൈറ്റ് വഴിയും ലഭിക്കും. ഗോകുലത്തിന്റെ സംസ്ഥാനത്തെ വിവിധ ഓഫീസുകൾ വഴിയും ലഭിക്കും.