കോഴിക്കോട്: വീണ്ടും ഒരു ഫുട്‌ബോൾ വസന്തത്തിന് കാതോർത്തിരിക്കുന്ന കോഴിക്കോടിന് കളിയാരവങ്ങൾ സമ്മാനിക്കാൻ കോർപ്പറേഷൻ സ്റ്റേഡിയം അവസാനവട്ട ഒരുക്കത്തിലേക്ക്. അലങ്കോലമായി വളർന്ന പുല്ലുകൾ വെട്ടിമാറ്റിയും പുതിയത് വെച്ചുപിടിപ്പിച്ചും കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ മിനുക്കുപണി നടക്കുകയാണ്.
ഈ മാസം 27 മുതൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഗോകുലം എഫ്.സിയുടെ ഐ ലീഗ് മത്സരങ്ങളുടെ വേദിയാണ് സ്റ്റേഡിയം.
ഗോകുലം ഓപ്പറേഷനൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
മഴയിൽ തകർന്ന സ്റ്റേഡിയം
മഴ കോർപ്പറേഷൻ സ്റ്റേഡിയത്തെയും ബാധിച്ചിരുന്നു. കുണ്ടും കുഴിയും കളകളും നിറഞ്ഞ സ്റ്റേഡിയത്തിൽ പന്തുതട്ടുക പ്രയാസമായിരുന്നു. രണ്ടുമാസം മുമ്പാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. മൈതാനത്തിൽ നിറഞ്ഞിരുന്ന കളകൾ ചെത്തിമാറ്റുകയും പുല്ലുകൾ ഇളകിയ ഭാഗത്ത് പുതിയ പുല്ല് വെച്ച്പിടിപ്പിക്കുകയും ചെയ്തു. ഗ്രൗണ്ടിലെ കുഴികൾ നികത്തി കളി നടത്താൻ പാകത്തിൽ മൈതാനത്തെ മാറ്റിയിട്ടുണ്ട്.
പവലിയൻ സൂപ്പറാവും
നിലവിൽ വി.ഐ.പി പവലിയനിൽ നിന്ന് മത്സരം കാണാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കളിക്കാർ പ്രവേശിക്കുന്ന ഭാഗത്തിന് സമീപത്ത് കൂടെ താത്ക്കാലിക പവലിയന്റെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. നേരത്തെ വി.ഐ.പി ലോഞ്ചിൽ നിന്ന് കൃത്യമായി കളി കാണാൻ സാധിച്ചിരുന്നില്ല. പ്രധാനപ്പെട്ട അതിഥികൾക്ക് ഇവിടെയാണ് ഇരിപ്പിടം സജ്ജമാക്കുക. ഇനിമുതൽ കൂടുതൽ കാഴ്ച്ചാ വിന്യാസത്തോടെ ഇവിടെ നിന്ന് കളികാണാൻ സാധിക്കും. സ്റ്റേഡിയത്തിന് അകത്ത് തകർന്ന കസേരകൾ മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.
അകവും പുറവും അടിപൊളിയാക്കും
സ്റ്റേഡിയത്തിന്റെ ചുവരുകളുടെ നിറം മങ്ങിയതിനാൽ പുതുതായി പെയിന്റിങ്ങ് ജോലി ആരംഭിച്ചിട്ടുണ്ട്. പമ്പ് ഉപയോഗിച്ച് വെള്ളം ചീറ്റി പായൽ കളയുകയാണ് ആദ്യം ചെയ്യുന്നത്. പെയിന്റിങ്ങ് ജോലികൾക്ക് കാലതാമസമെടുക്കുമെങ്കിലും കൂടുതൽ ജോലിക്കാരെ ഉപയോഗിച്ച് പരമാവധി വേഗത്തിൽ പെയിന്റിങ്ങ് ജോലികൾ പൂർത്തിയാക്കാനാണ് തീരുമാനം. നിലവിലുള്ള ഫ്‌ളഡ് ലൈറ്റുകളിൽ തകരാർ സംഭവിച്ച ബൾബ് മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യും.
എല്ലാം ആരാധകരിൽ
27 ന് വൈകീട്ട് അഞ്ചിന് മോഹൻബഗാനെതിരെയാണ് ഗോകുലം എഫ്.സിയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിലെ കളിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മത്സരങ്ങളെല്ലാം വൈകുന്നേരമായതിനാൽ കളിപ്രേമികൾ കൂടുമെന്നാണ് സ്റ്റേഡിയം അധികൃതരും പ്രതീക്ഷിക്കുന്നത്. മുൻ സീസണിലെ മത്സരങ്ങൾ അധികവും ഉച്ചയ്ക്കായിരുന്നതിനാൽ ശക്തമായ വെയിലു കാരണം കാണികൾ കുറവായിരുന്നു. ഗോകുലം എഫ്.സിയുടെ പരിശീലനം സ്റ്റേഡിയത്തിൽ ആരംഭിച്ചിട്ടുണ്ട്.