കോഴിക്കോട്: കേരളം കാലങ്ങളിലൂടെ നേടിയ നവോത്ഥാന മൂല്യങ്ങളെ നിരാകരിക്കുന്നതാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന കലാപശ്രമങ്ങളെന്ന് സ്വാമി സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു.കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രവും പുരോഗമന കലാസാഹിത്യസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നവോത്ഥാന പാഠശാലയിൽ 'ഹൈന്ദവ പാരമ്പര്യം, ആചാരം, വിശ്വാസം' എന്ന വിഷയത്തിൽ പ്രഭാഷണംനടത്തു കയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ എത്രയോ പാറകളുണ്ട്. എന്നാൽ വിവേകാനന്ദപ്പാറയുടെ പ്രത്യേകത വിവേകാനന്ദൻ അവിടെ മൂന്നു ദിവസം ധ്യാനമിരുന്നുവെന്നതാണ്. അത്തരത്തിൽ ശബരിമലയെ നോക്കിക്കാണുകയാണെങ്കിൽ ശബരിയുടെ പേരിലാണ് ശബരിമലയുള്ളത് . കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ 'ഐതിഹ്യമാല'യിൽ പറയുന്നത് അയ്യപ്പനും പരശുരാമാനും കണ്ടുമുട്ടിയതിനെത്തുടർന്നാണ് ശബരിമലയിൽ ആരാധനാലയം ഉണ്ടായതെന്നാണ്. ഇവിടെ ശബരി എന്ന ഒരു മഹാൻ ഉണ്ടായിരുന്നതായി പരശുരാമൻ അയ്യപ്പനോടു പറയുകയും തുടർന്നു ശബരിയുടെ പേരിൽ അവർ ഒരു ആരാധനാലയം പണിയാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽഇന്ന് ശബരി വിസ്മരിക്കപ്പെട്ടു. അയ്യപ്പനും ശാസ്താവുമാണ് ശബരിമലയിലെ ശ്രദ്ധാകേന്ദ്രങ്ങൾ. - അദ്ദേഹം പറഞ്ഞു.
കേളുവേട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ,
ഡോ. യു ഹേമന്ത്കുമാർ, ഡോ. കെ.എൻ ഗണേഷ്, പ്രൊഫ. എം.എം നാരായണൻ, സി.എസ് ചന്ദ്രിക, വി.ടി സുരേഷ്, കെ ദാമോദരൻ, പി സൗദാമിനി തുടങ്ങിയവർ സംസാരിച്ചു.