കോഴിക്കോട്: പൊലീസ് കവചവും ഹെൽമറ്റും ധരിപ്പിച്ച് രഹന ഫാത്തിമയെ ശബരിമല കയറ്റാൻ ശ്രമിച്ച ഐ.ജി എസ്. ശ്രീജിത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. സംഭവത്തിൽ ഏതറ്റം വരെ പോകാനും പാർട്ടി തയ്യാറാണ്.ശബരിമലയിൽ നിന്ന് മാദ്ധ്യമങ്ങളെ ഒഴിവാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലയിൽ സർക്കാർ എന്ത് ചെയ്താലും ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിക്കുന്നതിൽ വിശ്വാസികൾ വിജയിക്കും. മുഖ്യമന്ത്രി അയ്യപ്പ ഭക്തന്മാരുടെ മുന്നിൽ മുട്ടുകുത്തും. തെറി പറയാൻ മാത്രം നിറുത്തിയ മന്ത്രിയാണ് എം.എം മണി. എല്ലാവരും ശമ്പളക്കാരാണെന്നാണ് മന്ത്രിയുടെ ധാരണയെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട്പറഞ്ഞു.