കോഴിക്കോട്: എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ കയറ്റി വിശ്വാസം തകർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ.മുരളീധരൻ എം.എൽ.എ. സുഭാഷ് നെഹ്‌റു ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അളകാപുരിയിൽ നടന്ന കേരള ഗാന്ധി കെ.കേളപ്പജി അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്പത് വയസ് കഴിഞ്ഞ സ്ത്രീകൾക്ക് പോലും ശബരിമലയിൽ പോകാനുള്ള സാഹചര്യം മുഖ്യമന്ത്രി ഇല്ലാതാക്കി. ആരൊക്കെ പ്രതിഷേധിച്ചാലും വിലകൊടുത്ത് വാങ്ങിയ വിധിയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകില്ല. നവകേരളം പടുത്തുയർത്തണം എന്നു പറയുന്ന സർക്കാർ ഇപ്പോൾ കേരളത്തിൽ തീവെക്കുകയാണ് ചെയ്യുന്നതെന്ന് മുരളീധരൻ പറഞ്ഞു.

ഹിന്ദുവിന്റെ മൊത്തക്കച്ചവടം ആരെയും ഏൽപ്പിച്ചിട്ടില്ല. എന്നാൽ ചിലർ അങ്ങനെയാണ് പെരുമാറുന്നത്. സംസ്ഥാനം ഇടപെട്ടില്ലെങ്കിൽ കേന്ദ്രം നിയമം പാസാക്കണം. ഇതിന് കേരളത്തിലെ ബി.ജെ.പി സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. ഇതിന് പകരം രാഷ്ട്രീയ മുതലെടുപ്പാണ് ബി.ജെ.പി. നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെ.കേളപ്പജി അവാർഡ് മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി അബുവിന് കെ.മുരളീധരൻ സമർപ്പിച്ചു. സുഭാഷ് നെഹ്‌റു ട്രസ്റ്റ് രക്ഷാധികാരി എം.വി കുഞ്ഞാമു പൊാന്നടയണിയിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ ടി.സിദ്ധിഖ് പ്രശസ്തി പത്രം കൈമാറി. മുൻമന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ പി ശങ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ എൻ.വി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോൺപൂതക്കുഴി, കെ.പി.സി.സി സെക്രട്ടറി അഡ്വ കെ.പ്രവീൺകുമാർ, സി.എം.പി ജില്ലാ സെക്രട്ടറി ജി.നാരായണൻകുട്ടി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം രാജൻ, ഡി.സി.സി വൈസ് പ്രസിഡന്റ് പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, ഇ.വി ഉസ്മാൻ കോയ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ പി.കെ ലക്ഷ്മിദാസ് സ്വാഗതവും ജനറൽ സെക്രട്ടറി പി അനിൽബാബു നന്ദിയും പറഞ്ഞു.