കോഴിക്കോട്: കനോലി കനാൽ ശുചീകരണ യജ്ഞം 'ഓപ്പറേഷൻ കനോലി കനാൽ' ജനുവരി ഒന്നിന് മുമ്പ്പൂർത്തിയാക്കും.മേയർ തോട്ടത്തിൽ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

നവംബർ ഒന്നിന് കൗൺഡൗൺ ആരംഭിക്കും. രാവിലെ ഒൻപത് മണിക്ക് സരോവരം ബയോപാർക്കിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകൂടും. നവംബർ എട്ടിന് വിശദമായ അവലോകന യോഗം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേരും. രണ്ടാഴ്ച കൂടുമ്പോൾ കനാലിലെ വെള്ളം പരിശോധിക്കാൻ സി. ഡബ്ല്യു.ആർ.ഡി.എം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വാച്ച് മാൻ ടവർ, ക്യാമറകൾ എന്നിവ സ്ഥാപിക്കാൻ നടപടിയെടുക്കും. കല്ലായി മൂര്യാട് ഭാഗത്തെ ചെളി നീക്കം ചെയ്യാൻ ഇറിഗേഷൻ വിഭാഗത്തിന് നിർദ്ദേശം നൽകി.

മേയറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ യു.വി. ജോസ്, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബുരാജ്, വിദ്യാഭ്യാസകായികസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്റർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ. സത്യൻ, കനാൽ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. രൻജിത്ത്, ബാബു പറമ്പത്ത്, സി. ഡബ്ല്യു.ആർ.ഡി.എം പ്രതിനിധി പി.എസ്. ഹരികുമാർ, പി.സി.ബി എൻജിനീയർ ഷബ്‌ന ഘുഷി ശേഖർ എന്നിവർ പങ്കെടുത്തു.