palakutty
അപകട ഭീഷണിയിലായ പാലക്കുറ്റി പാലം

സുൽത്താൻബത്തേരി: പൂതാടി, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സി സി, വാകേരി റോഡിലെ പാലക്കുറ്റിപ്പാലം കാലപ്പഴക്കത്താൽ അപകട ഭീഷണിയിൽ. ഏത് നിമിഷവും വീഴുമെന്ന അവസ്ഥയിലുള്ള ഈ പാലത്തിലൂടെയാണ് ദിനേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്. സുൽത്താൻബത്തേരി കൂടല്ലൂർ കെ എസ് ആർ ടി സി ബസ് സർവീസ്, ബത്തേരി പാപ്ലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യബസുകൾ, വാകേരി, മീനങ്ങാടി റൂട്ടിലോടുന്ന ജീപ്പ് ലോക്കൽ സർവീസ് എന്നിങ്ങനെ നിരവധി വലിയ വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്.

പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായി പ്രദേശവാസികൾ പറയുന്നു. ഒരു വാഹനത്തിന് പോകാവുന്ന വീതി മാത്രമാണ് ഈ റോഡിനുള്ളത്. കനത്തമഴയിൽ പാലത്തിനോട് ചേർന്ന റോഡിന്റെ ഒരു ഭാഗത്ത് വൻഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ മരച്ചില്ലകൾ കുത്തി വേർതിരിച്ചിട്ടിരിക്കുകയാണ്.

അരനൂറ്റാണ്ടോളം പഴക്കമുള്ളതാണ് നരസിപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം. കാലവർഷത്തെ തുടർന്നുണ്ടായ വെള്ളപാച്ചിലിൽ പാലത്തിന്റെ അടിഭാഗത്ത് നിന്ന് കല്ലുകളും മറ്റും അടർന്നുവീണിരുന്നു. ജീവൻ പണയപ്പെടുത്തിയാണ് നൂറ് കണക്കിന് വിദ്യാർത്ഥികളടക്കമുള്ളവർ ഇതിലെ യാത്ര ചെയ്യുന്നത്.

നരസിപ്പുഴയിൽ വെള്ളം കയറുമ്പോൾ പാലത്തിനോട് ചേർന്നുള്ള ലക്ഷ്മിക്കുട്ടിയുടെയും, ഡി ആർ ബിജുവിന്റെയും വീടും പരിസര പ്രദേശങ്ങളും വെള്ളത്തിലാകുന്നതു പതിവാണ്. ഇവിടെ കരിങ്കൽഭിത്തി കെട്ടി പുഴയും സ്ഥലവും വേർതിരിക്കണമെന്ന ആവശ്യം ശക്തമാണ്. വർഷങ്ങൾ പഴക്കമുള്ള ഇവിടെ പുതിയ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പാലം അനുവദിക്കുന്നതിനായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഏത് നിമിഷവും തകരുമെന്ന അവസ്ഥയിൽ നിൽക്കുന്ന പാലം അടിയന്തരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാകേരിയിൽ ചേർന്ന യോഗത്തിൽ ആക്‌ഷൻ കമ്മിറ്റി രൂപകരിച്ചു. ഇ കെ ബാലകൃഷ്ണൻ ചെയർമാനും സണ്ണി ചാമക്കാല കൺവീനറുമായി രൂപീകരിച്ച ആക്‌ഷൻ കമ്മിറ്റിയിൽ എസ് വി തമ്പി, ബാലൻ മരുതോലി, സി പി മുനീർ, മധു, അജി മാവത്ത്, കെ കെ ഷാജി, കെ ആർ അനീഷ്, ബിജു ചന്ദ്രൻ, ജോസഫ് തുടങ്ങിയവരാണ് ഭാരവാഹികൾ.