നാദാപുരം: വളയത്ത് ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായി രണ്ടു വീടുകൾക്ക് നേരെയുണ്ടായ ബോംബേറിൽ വീട്ടമ്മയ്ക്കും യുവതിക്കും പരിക്കേറ്റു. വളയം ചുഴലി റോഡിൽ ഷാപ്പ് മുക്ക് പരിസരത്തെ സി.പി.എം. പ്രവർത്തകനും വളയം ടൗണിലെ പച്ചക്കറി വ്യാപാരിയുമായ കക്കുടുക്കിൽ ബാബുവിൻറെ വീടിനു നേരെയാണ് ഞായറാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ ബോംബെറിഞ്ഞത്. സി.പി.എം. അനുഭാവി കുറുവന്തേരി റോഡിലെ മാരാംവീട്ടിൽ കുമാരൻറെ വീടിനു നേരെ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അജ്ഞാതർ ബോംബെറിഞ്ഞത്.
ബാബുവിൻറെ വീടിൻറെ മുകൾ നിലയിലെ സൺ ഷെയ്ഡിൽ പതിച്ചാണ് ബോംബ് പൊട്ടിയത്. രാത്രി വീടിനു മുന്നിലെ ലൈറ്റ് ഓഫ് ചെയ്തതിന് പിന്നാലെയാണ് വീടിനു നേരെ റോഡിൽ നിന്ന് ബോംബേറുണ്ടായതെന്ന് ബാബു പറഞ്ഞു. കുമാരൻറെ വീടിനു നേരെ എറിഞ്ഞ ബോംബ് വീടിൻറെ ജനൽ ചില്ലിൽ പതിച്ചാണ് പൊട്ടിയത്. ജനൽ ചില്ലുകൾ തെറിച്ച് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന കുമാരൻറെ മകൾ വിജിന (28), ബന്ധുവായ ദേവി (70) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. രണ്ടു പേരുടെയും കാലുകൾക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.
ജനലിലെ കർട്ടന് തീ പിടിച്ചു. ഇവിടെ മുറ്റത്ത് നിർത്തിയിട്ട യുവമോർച്ച നാദാപുരം മണ്ഡലം സെക്രട്ടറി മാരാംവീട്ടിൽ ദീപേഷിൻറെ ഓട്ടോ റിക്ഷയുടെ ഗ്ലാസ് സ്ഫോടനത്തിൽ തകർന്നു. സ്ഫോടനം നടന്നയുടൻ വീടിൻറെ പിൻവശത്തുള്ള റോഡിലൂടെ മോട്ടോർ ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി വീട്ടുകാർ പൊലീസിൽ മൊഴി നൽകി. ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകളാണ് രണ്ടിടങ്ങളിലും ഉപയോഗിച്ചത്.
നാദാപുരം സബ് ഡിവിഷണൽ ഡിവൈ.എസ്.പി. ഇ.സുനിൽകുമാർ, കൺട്രോൾ റൂം സി.ഐ എ.വി.ജോൺ, വളയം എസ്.ഐ. എം.വി.ജയൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് വിദഗ്ദരും വീടുകളിൽ പരിശോധന നടത്തി.