കോഴിക്കോട്: പ്രളയത്തെ തുടർന്നുള്ള നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട സർക്കാറിന്റെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ പിടിച്ച് പറ്റിയെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. . മന്ത്രിമാരുടെ വിദേശയാത്രയിലൂടെ 1000 കോടി രൂപ ശേഖരിക്കാനായിരുന്നു ഉദ്ദേശിച്ചത്. ഈ ദൗത്യമാണ് യാത്രാ നിഷേധത്തിലൂടെ നഷ്ടമായത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ സർക്കാറിനൊപ്പമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സർക്കാർ മുന്നോട്ടു പോകും.നാദാപുരം ആവോലത്തെ വസതിയിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം
ശബരിമലവിഷയത്തിൽ സുപ്രീം കോടതി വിധി ഭരണഘടനയുടെ മൗലിക സ്വഭാവമാണ് സംരക്ഷിക്കുന്നത്. വിശ്വാസികൾക്കെതിരായ ഒരു നിലപാടും സർക്കാർ സ്വീകരിക്കില്ല. ഭരണഘടന വിധേയമായി സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. 1991 ലെ ഹൈക്കോടതി വിധിക്കെതിരെ പിന്നീട് അധികാരത്തിൽ വന്ന സർക്കാരുകൾ അപ്പീൽ നൽകിയിട്ടില്ല.12 വർഷത്തെ വാദത്തിന്റെയും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നിഗമനത്തിന്റെയും അടിസ്ഥാനത്തിലാണ് വിധി. ഭരണഘടനാ ബഞ്ചിന്റെ ഈ വിധിക്കെതിരെപുനപരിശോധന ഹർജി നിലനിൽക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അമ്മ സംഘടനയും ഡബ്ല്യു.സി. സിയുമായുള്ള തർക്കം സിനിമാ വ്യവസായത്തിന്റെ തകർച്ചയ്ക്ക് കാരണമാകാൻ പാടില്ല.മോഹൻലാലിന്റെ അനുരഞ്ജന ശ്രമങ്ങൾ ഫല പ്രദമാകുമെന്നാണ് പ്രതീക്ഷ. അമ്മ സംഘടനയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ഉറപ്പാക്കണമെന്ന ഡബ്ലു .സി .സി ആവശ്യത്തെ സർക്കാർ പൂർണമായും അംഗീകരിക്കുന്നു. അക്രമത്തിനിരയായ സിനിമാനടിയുടെ കേസ് വാദിക്കാൻ സർക്കാർ തയ്യാറാണ്. -മന്ത്രി പറഞ്ഞു.